Saturday, July 19, 2008

അങ്ങനെ ഒരു ബന്ദ് ദിനത്തില്‍

അങ്ങനെ അവസാനം അത് സംഭവിച്ചു......

അഹമ്മദാബാദില്‍ ഒരു സുന്ദരന്‍ ബന്ദ്.... രാഷ്ട്രീയക്കാരു ഭാരത് ബന്ദ് നടത്തുമ്പോള്‍പ്പോലും ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളുടെ അഹമ്മദാബാദിലാണ് അക്രമാസക്തമായ ഒരു ബന്ദ് നടന്നത്.

അത് ഇന്നലെയായിരുന്നു (ജൂലൈ പതിനെട്ടിന്).


അസാറാം ബാപ്പു എന്ന മനുഷ്യദൈവത്തിന്റെ അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്നും രണ്ട് കുട്ടികളെ കാണാതാവുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ശവശരീരങ്ങള്‍ ആശ്രമത്തിനു സമീപത്ത് സബര്‍മതി നദീ തീരത്ത് നിന്നും കിട്ടുകയും ചെയ്തു.


അസാറാം ബാപ്പു

ദീപക് വഘേല (10), അഭിഷേക് വഘേല (11 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
പോലീസ് കേസന്വേഷിച്ചു വരികയാണ്. കേസന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട്, കുട്ടികളുടെ ബന്ധുക്കളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദ് പ്രഖ്യാപിച്ചത് വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു. ഗുരു പൂര്‍ണിമ എന്ന ആഘോഷത്തിനായി ബാപ്പു അഹമ്മദാബാദില്‍ എത്തുന്ന ദിവസമായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ ആരാധകര്‍ പല സ്ഥലങ്ങളില്‍ നിന്നായി നഗരത്തിലേക്ക് വരുന്നുമുണ്ടായിരുന്നു.
അഹമ്മദാബാദില്‍ പലയിടങ്ങളിലും ബാപ്പുവിന്റെ ആരാധകരും എതിരാളികളും ഏറ്റുമുട്ടി. ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ക്കായി വന്നു കൊണ്ടിരുന്ന ആരാധകര്‍ക്ക് പൊതിരെ തല്ലും കിട്ടി.
ഇതില്‍ രസകരമായ ഒരു കാര്യം, എതിരാളികളില്‍ ഭൂരിപക്ഷവും പണ്ട് ഈ ദൈവ മനുഷ്യന്റെ ആരാധകരായിരുന്നു എന്നതാണ്.
ആശ്രമത്തിലെത്തിയ ആരാധകരുടെ വാഹനങ്ങള്‍ കൂട്ടത്തോ‍ടെ കത്തിക്കാനും ബന്ദ് അനുകൂലികള്‍ മറന്നില്ല.


(ചിത്രങ്ങള്‍ക്ക് കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)
പല സ്ഥലങ്ങളിലും പൊലീസിനെ മൂകസാക്ഷിയാക്കിയായിരുന്നു അക്രമം.
ആശ്രമം സ്ഥിതി ചെയ്യുന്ന സബര്‍മതി പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയ്ക്കു തൊട്ടപ്പുറത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍, സബര്‍മതി പോലീസ്, അതു തങ്ങളുടെ അതിര്‍ത്തിയല്ല എന്ന് പറഞ്ഞ് നോക്കി നിന്നു. (ഇതിന്റെ ഫോട്ടോ ഒരു പത്രത്തിലുണ്ടായിരുന്നു. പക്ഷേ കോപ്പി ഇടാന്‍ ഇപ്പോള്‍ പത്രം കൈയ്യിലില്ല)
ഇതിനിടയില്‍ ബാപ്പു, കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. മുന്പ് അദ്ദേഹത്തിന്റെ ആരാധകരായിരുന്ന ബന്ധുക്കള്‍ അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കിയില്ല. ബാപ്പു സംസാരിക്കുമ്പോള്‍ ഒരു കുട്ടിയുടെ അച്ഛന്‍ ഒന്നും മിണ്ടാതെ ഭഗവത് ഗീതയും മാറോട് ചേര്‍ത്ത് പിടിച്ച് ആകാശത്തേയ്ക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
മാനം നഷ്ടപ്പെടുമെന്ന് ഉറപ്പായ സന്ന്യാസി, തന്റെ ആഡംബരക്കാറില്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. പോകുന്നതിന് മുന്‍പ് ആശ്രമത്തിലെ പ്രസാദവും ആത്മീയ പുസ്തകങ്ങളും അച്ഛന്റെ മുന്‍പില്‍ വച്ചു.
അദ്ദേഹത്തിന്റെ ആരാധകരായിരുന്ന മറ്റ് ബന്ധുക്കള്‍, അദ്ദേഹമിരുന്ന
വിരിപ്പും അദ്ദേഹം കൊടുത്ത പ്രസാദവും പുസ്തകങ്ങളും ഉടന്‍ തന്നെ നടുറോഡില്‍ ഇട്ടു കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഗുരുപൂര്‍ണിമയ്ക്ക് ബാപ്പുവിന്റെ പാദസേവ നടത്താന്‍ ആശ്രമത്തില്‍ തിക്കിത്തിരക്കിയവരായിരുന്നു ഇവരില്‍ പലരും.
ആശ്രമത്തിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബാപ്പുവിന്റെ ആരാധകര്‍ നല്ലത് പോലെ പെരുമാറി. സംഭവത്തിന് ആവശ്യത്തില്‍ കൂടുതല്‍ മാധ്യമ പ്രാധാന്യം കൊടുക്കുന്നു എന്നാരോപിച്ചായിരുന്നു തല്ല്. ബാപ്പുവിന്റെ അനുകൂലികളും അക്രമത്തിന്റെ കാര്യത്തില്‍ ഒട്ടും കുറച്ചില്ല. അവരും കൂടി വാഹനങ്ങള്‍ കത്തിക്കാനും, വീടുകള്‍ ആക്രമിക്കാനും.
ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടും, ഇത്തരം സന്യാസിമാരെ ആരാധിക്കാനും അവരുടെ അനാവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും ആളുകള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്......
ആത്മീയത പറഞ്ഞ് നടക്കുമ്പോഴും, ലൌകിക സുഖങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നു വയ്ക്കാന്‍ ഇത്തരം സന്യാസിമാര്‍ തയ്യാറല്ല. ആശ്രമങ്ങളിലെ മുറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൌകര്യങ്ങളോട് കൂടിയതാണ്. സഞ്ചരിക്കുവാന്‍ വിദേശ നിര്‍മ്മിത കാറുകള്‍ മാത്രമേ ഇവര്‍ ഉപയോഗിക്കുകയുള്ളു.
ഇവരില്‍ നിന്നുമൊക്കെ എന്റെ പ്രിയപ്പെട്ട നാടിന് എന്നാണാവോ മോചനം?

8 comments:

അരവിന്ദ് നീലേശ്വരം said...

അങ്ങനെ അവസാനം അത് സംഭവിച്ചു......


അഹമ്മദാബാദില്‍ ഒരു സുന്ദരന്‍ ബന്ദ്....


അത് ഇന്നലെയായിരുന്നു (ജൂലൈ പതിനെട്ട്).

അശോക് കർത്താ said...

ഇതൊക്കെ ആത്മീയതയാണെന്ന് തെറ്റിദ്ധരിക്കുന്നിടത്തല്ലെ കുഴപ്പം? ഭൌതിക നേട്ടങ്ങള്‍ക്ക് ആത്മീയ പരിവേഷം ഉപയോഗിക്കുന്നു. ഇത്തരം കേസുകള്‍ ക്രിമിനല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ ഒഅതുക്കി നിര്‍ത്തിയാല്‍ കാലക്രമേണ അസ്തമിക്കും. പക്ഷെ രാഷ്ട്രീയക്കാര്‍ക്ക് അതാവില്ല. ആത്മീയ വ്യവസായികളുമായി കൂടുതല്‍ അടുപ്പം രാഷ്ട്രീയക്കാര്‍ക്കാണു. അവരുടെ കറുത്തപണം വെളുക്കുന്നതും പ്രതിയോഗികള്‍ ഒതുക്കപ്പെടുന്നതും ഇത്തരം വ്യാജ ആത്മീയക്കാരിലൂടെയാണു. സന്തോഷ് മാധവന്‍ താന്‍ ജ്യോതിഷിമാത്രമാനെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ഒരൊറ്റ മാദ്ധ്യമം പോലും-കൈരളിയും ദേശാഭിമാനി പോലും- അത് ഹൈലൈറ്റ് ചെയ്തില്ല. കാരണം ജ്യോതിഷികളുമായി ചേര്‍ന്ന് മാദ്ധ്യമങ്ങള്‍ക്ക് കച്ചവടം ഉണ്ട്. അതിനു പകരം ഒരു മതത്തിന്റെ ദൌര്‍ബ്ബല്യമായി അതിനെ ചിത്രീകരിക്കാനാണു അവര്‍ ശ്രമിച്ചത്. ആ മതത്തിനോ പള്ളിയോ പോപ്പോ ഒട്ടു ഇല്ല താനും.

മൂര്‍ത്തി said...

അരവിന്ദേ,

ഇതിനെക്കുറിച്ചൊരെണ്ണം ഇടാന്‍ ഇരിക്കുകയായിരുന്നു. മോഡി, അദ്വാനി, വാജ്‌പേയി എന്നിവര്‍ ഈ ആസാറാം ബാപ്പുവുമായി വേദി പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ നെറ്റില്‍ ഉണ്ട്. ടൈംസ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചിരിക്കുന്നത് നരേന്ദ്ര മോഡിയുടേയും അദ്വാനിയുടേയും ആത്മീയ ഗുരു എന്നാണ്. ഇത് ആദ്യമായല്ല ഇയാള്‍ പ്രശ്നത്തില്‍ പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്

This is not the first time the controversial guru has been in the news. A number of court cases pertaining to land grabbing are pending against him in Surat, Godhra and Modasa. എന്നാണ്.

സന്തോഷ് മാധവന്മാര്‍ പിടിക്കപ്പെടുമ്പോള്‍ കൈയൊഴിയുന്നപോലെ സംഘപരിവാര്‍ ഈ ഗുരുവിനെയും കൈ ഒഴിയുമോ എന്ന് നോക്കിയാല്‍ മതി.

അപ്പു ആദ്യാക്ഷരി said...

ഈ സംഭവം ഒരു പോസ്റ്റിലൂടെ മലയാളത്തിലേക്ക് കൊണ്ടുവന്നതിനു നന്ദി. ആവശ്യമുള്ള കാര്യങ്ങൾക്കും ബന്ദു നടക്കുന്നുണ്ടല്ലോ ഭാരതത്തിൽ മറ്റിടങ്ങളിൽ. മൂർത്തിയും കർത്താ മാഷും പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു.

Unknown said...

കഷടം.!!!!!

Rajeeve Chelanat said...

ഈയിടെ അദ്വാനി ആ അശ്രീ അശ്രീകരം രവിശങ്കരനെ ഭക്ത്യാദരപൂര്‍വ്വം അകമ്പടി സേവിക്കുന്നതും കണ്ടു പത്രത്തില്‍...ഏതായാലും ഇതുകൊണ്ടൊന്നും ഗുജറാത്തികള്‍ക്ക് സദ്‌‌ബുദ്ധി തോന്നും എന്ന് പ്രതീക്ഷിക്കാനുമാവില്ല. അത്രമാത്രം വര്‍ഗ്ഗീയവത്‌‌ക്കരിക്കപ്പെട്ട ഒരു സമൂഹമായി മാറിയിരിക്കുന്നു അവര്‍.

അഭിവാദ്യങ്ങളോടെ

ശ്രീ said...

“ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടും, ഇത്തരം സന്യാസിമാരെ ആരാധിക്കാനും അവരുടെ അനാവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും ആളുകള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്...”


അതു തന്നെ

Areekkodan | അരീക്കോടന്‍ said...

“ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടും, ഇത്തരം സന്യാസിമാരെ ആരാധിക്കാനും അവരുടെ അനാവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും ആളുകള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്...”


Perfectly Correct.