Friday, January 9, 2009

ലാല്‍ സലാം മോദി

15/01/2009
രണ്ടായിരത്തി ഒന്നില്‍ ഗുജറാത്ത് ലോക ശ്രദ്ധ നേടിയത് ഒരു പ്രകൃതി ദുരന്തത്തിന്റെ പേരിലായിരുന്നു. രണ്ടായിരത്തി രണ്ടില്‍ മനുഷ്യനുണ്ടാക്കിയ ഒരു ദുരന്തത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു ഈ സംസ്ഥാനം.
എന്നാല്‍ ഇപ്പോള്‍ ഗുജറാത്ത് പ്രശസ്തമാകുന്നത് മറ്റ്ചില കാരണങ്ങളാലാണ്. ഭാരതത്തിന്റെ മൊത്തം ജനസംഖ്യയുടെ 5% അധിവസിക്കുന്ന ഗുജറാത്ത് ആണ് ഈ രാജ്യത്തിന്റെ 15 % ജി ഡി പി സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ 21 % വും ഗുജറാത്തില്‍ നിന്നു തന്നെ. ഗുജറാത്തിലെ പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗം, ദേശീയ ശരാശരിയുടെ 2 ഇരട്ടിയാണ്.

2002 ലെ മനുഷ്യക്കൂട്ടക്കുരുതിയുടെ പേരില്‍ പ്രതിക്കൂട്ടിലായ നരേന്ദ്ര മോദിയെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് പുരോഗതിയിലേക്ക് കുതിക്കുന്നത് എന്നത് പലര്‍ക്കും കേള്‍ക്കാന്‍ ‍സുഖമുള്ള ഒരു കാര്യമല്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഈ ബ്ലോഗിന് തുടക്കമിട്ടത് തന്നെ. ജനുവരി 12 മുതല്‍ 14 വരെ നാലാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റിന് അഹമ്മദാബാദ് വേദിയായി. മരണത്തിന്റെ കച്ചവടക്കാരനെന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ച മോദി കഴിഞ്ഞ മൂന്ന് മീറ്റുകളില്‍ ഗുജറാത്തിനു വേണ്ടി നേടിയെടുത്തത് എത്ര മാത്രം ആണെന്ന് ഈ പട്ടികയില്‍ കാണാം.

(കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്, 12 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളാണ് ഈ ഉച്ചകോടിയില്‍ ഒപ്പിട്ടത്. വന്‍കിട വ്യവസായികളെ മാത്രമല്ല, ചെറുകിട വ്യവസായികളെ സംബന്ധിച്ചും ഈ ഉച്ചകോടി സ്വപ്നതുല്ല്യമായിരുന്നു.

ഡെല്‍ഹി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്ന പുതിയ പ്രോജക്റ്റ് കടന്നു പോകുന്നത് 6 സംസ്ഥാനങ്ങളിലൂടെയാണ്. ഇതില്‍ 40% വും കടന്നു പോകുന്നത് ഗുജറാത്തിലൂടെയും. 1600 കി മീ സമുദ്രതീരത്തിലുള്ള 21 തുറമുഖങ്ങളും, നിക്ഷേപകരോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന തുറന്ന സമീപനവും കൂടിയാകുമ്പോള്‍ ഗുജറാത്ത്, വ്യവസായികളുടെ പറുദീസയായി മാറുന്നു.

മോദിയുടെയും ഗുജറാത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കാര്യക്ഷമതയറിയണമെങ്കില്‍ നാനോ പ്രോജക്റ്റ് ബംഗാളില്‍ നിന്നും ഗുജറാത്തിലെത്തിയത് മാത്രം നോക്കിയാല്‍ മതി. വെറും 10 ദിവസം കൊണ്ട്, ഈ പ്രോജക്റ്റിനുള്ള കടലാസുകള്‍ മുഴുവന്‍ തയ്യാറാക്കാന്‍ മോദി നല്‍കിയ ഉത്തരവ് നടപ്പിലാക്കാന്‍ ഗാന്ധിനഗറിലെ ഐ എ എസ്സുകാര്‍ മുതല്‍ പ്യൂണ്മാര്‍ വരെ രാപ്പകലില്ലാതെ അധ്വാനിക്കുന്ന കാഴ്ച ഇവിടുത്തുകാര്‍ കണ്ടതാണ്.

മോദിയുടെ പ്രവര്‍ത്തന ശൈലിയെ ശ്ലാഘിച്ച യുവ എം.പി യെ പരസ്യമായി ശാസിക്കാനല്ലാതെ, അദ്ദേഹം പറഞ്ഞതിന്റെ നിജ സ്ഥിതി മനസ്സിലാക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനു കഴിയുന്നില്ല...

2001 ല്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് എത്ര കാലം മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവും?

Sunday, July 27, 2008

ഭീതിയുടെ നിഴലില്‍

ജൂലൈ 26; ശനിയാഴ്ച ജോലിക്ക് ശേഷം ഐ ഐ ബി എഫിന്റെ ട്രഷറി ആന്റ് റിസ്ക് മാനേജ്മെന്റ് എന്ന ഓണ്‍ലൈന്‍ പരീക്ഷയെഴുതുവാന്‍ ഞങ്ങള്‍ നാല് സുഹ്രുത്തുക്കള്‍ തീരുമാനിച്ചു. വൈകിട്ട് 5.30 ഓടെ എല്ലാവരും അവരവരുടെ റ്റെര്‍മിനലില്‍ നിന്നും പരീക്ഷ പാസ്സായതിന്റെ സന്തോഷത്തോടെ എന്റെ ഡിപ്പാര്‍ട്ട്മെന്റ്റ്റില്‍ എത്തി. എഴുതിയ നാല് പേരും ജയിച്ചതിന്റെ സന്തോഷം പങ്കിട്ട് കൊണ്ട് ഞങ്ങള്‍ ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചു.


വീട്ടിലെത്തിയതും വാരാന്ത്യ ഷോപ്പിങ്ങ് മഹാമഹം ആ‍രംഭിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സഹധര്‍മ്മിണി. വളരെക്കാലമായി പ്ലാന്‍ ചെയ്ത് കൊണ്ടിരുന്ന ഫ്രിഡ്ജ് എക്സ്ചേഞ്ച് അന്ന് നടപ്പിലാക്കാമെന്ന് ഞാനും തീരുമാനിച്ചു. ഒരു മലയാളിയുടെ കടയായ സെയിത്സ് ഇന്‍ഡ്യയില്‍ വിളിച്ച് അവിടുത്തെ മാനേജര്‍ ഓമല്ലൂര്‍ക്കാരനായ ബെന്നിയുമായി സംസാരിച്ചു.


6.30 ഓടെ കടയിലെത്തി. പലവിധ മോഡലുകള്‍ നോക്കി നില്‍ക്കുമ്പോള്‍ ബെന്നി ആരോടോ വളരെ സീരിയസ്സായി സംസാരിക്കുന്നത് കണ്ടു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തെത്തിയ ബെന്നിയുടെ മുഖത്ത് ഒരു വല്ലാത്ത ഭയം കണ്ടു. വളരെ താഴ്ന്ന സ്വരത്തില്‍ ബെന്നി പറഞ്ഞു: “സര്‍, ഞങ്ങളുടെ ബാപ്പുനഗര്‍ ഷോറൂമിനു സമീപത്ത് ഒരു ബോംബ് സ്ഫോടനം നടന്നിരിക്കുന്നു”. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. ഉടന്‍ തന്നെ വളരെയടുത്തുള്ള സുഹൃത്തുക്കളെ മൊബൈലില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചു. നെറ്റ് വര്‍ക്ക് ബിസി എന്ന മറുപടി മാത്രം. ഒടുവില്‍ ഒരു സുഹൃത്തിനെ ലൈനില്‍ കിട്ടി. അവനോട് ആദ്യം ചോദിച്ചത് എവിടെയാണെന്നായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ തന്നെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിവരം പറഞ്ഞു. അവനോട് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ട് ടി വിയിലെ വാര്‍ത്ത കാ‍ണാന്‍ ആവശ്യപ്പെട്ടു. മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ അവനെ ചുമതലപ്പെടുത്തി. വാരാന്ത്യമായതിനാല്‍ എല്ലാവരും ഷോപ്പിങ്ങിനും മറ്റുമായി പുറത്ത് പോകുമെന്ന് അറിയാമായിരുന്നു.


അപ്പോഴെയ്ക്കും ഏത് ഫ്രിഡ്ജ് എടുക്കണമെന്ന് ഭാര്യ തീരുമാനിച്ചിരുന്നു. കടയില്‍ ഡിസ്പ്ലേയ്ക്ക് വച്ചിരിക്കുന്ന ടി വികളിലെല്ലാം ബോംബ് സ്ഫോടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും മാത്രം. ഉടന്‍ തന്നെ പേയ്മെന്റും നടത്തി ബെന്നിയോട് യാത്ര പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി.


കേരള‍ത്തിനു പുറത്ത് ജീവിച്ച് പരിചയമില്ലാത്ത ഞങ്ങള്‍ക്ക് രണ്ട് പേര്‍‍ക്കും ഈ വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണ്ടി വന്നു. പൊതുവേ വളരെ റാഷായി വാഹനങ്ങള്‍ ഓടുന്ന റോഡിലെത്തിയതും സംഗതിയുടെ ഗൌരവം എനിക്ക് മനസ്സിലായി. സാധാരണയിലും വേഗത്തില്‍ വാഹനങ്ങള്‍ പായുന്നു. അഭൂതപൂര്‍വ്വമായ തിരക്ക്. ട്രാഫിക് സിഗ്നല്‍ ഇല്ലാത്ത ക്രോസ്സിങ്ങുകളില്‍ കുരുക്കഴിക്കാന്‍ പറ്റാത്ത രീതിയില്‍ കാറുകളും ഓട്ടോറിക്ഷകളും കുടുങ്ങിക്കിടക്കുന്നു. ഗുജറാത്തിയിലുള്ള വാക്ക് തര്‍ക്കങ്ങളും കേള്‍ക്കാം. അതിനിടെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ഭാര്യയുടെ തത്വചിന്തയില്‍ പൊതിഞ്ഞ വാക്കുകള്‍. “എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നേ? വരാനുള്ളത് എവിടെയായാലും വരും.” അതിനു മറുപടി പിന്നീട് നല്‍കാം എന്ന് തീരുമാനിച്ചു.ക്വാര്‍ട്ടേഴ്സിലെത്തിയതും ടി വി ഓണ്‍ ചെയ്തു. വാര്‍ത്താ ചാനലുകളിലൂടെ സര്‍ഫ് ചെയ്തു. സ്ഫോടനങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ മാത്രം. ചോരയില്‍ കുളിച്ച് കിടക്കന്ന മനുഷ്യരും അവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പായുന്ന ആംബുലന്‍സുകളും സ്വന്തക്കാരെ കാണാതെ അലമുറയിടുന്ന ബന്ധുക്കളും. ഇതിനിടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വിളി തുടങ്ങിയിരുന്നു. പലര്‍ക്കും വിളിച്ചിട്ട് കിട്ടിയില്ല. അച്ഛന്റെ എസ് എം എസ് അപ്പോഴെത്തി. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതരായി വീട്ടിലെത്തിയെന്നും അറിയിച്ച് മറുപടിയയച്ചു.കൂടുതല്‍ സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരുന്നു. അതു വരെ പഴയ നഗരത്തില്‍ മാത്രം നടന്നത് പുതിയ നഗരത്തിലേയ്ക്കും വ്യാപിച്ചു. ഞങ്ങളുടെ താമസ സ്ഥലത്തിന് ഒരു കി.മി. അകലത്തിലുള്ള ജുഹാപ്പുരയിലും സ്ഫോടനം നടന്നിരിക്കുന്നു. 10 മണിയോടെ സ്ഫോടനങ്ങളുടെ എണ്ണം പതിനേഴ് ആയെന്ന് വാര്‍ത്തയെത്തി. നഗര്‍ത്തിലെ രണ്ട് പ്രധാന ആശുപത്രികളിലും സ്ഫോടനം നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സിവില്‍ ഹോസ്പിറ്റലിലും, എല്‍ ജി ഹോസ്പിറ്റലിലും.അപ്പോഴാണ് ഐ ബിക്ക് കിട്ടിയ ഒരു ഈ-മെയിലിനെക്കുറിച്ച് വാര്‍ത്ത വന്നത്. അഹമ്മദാബാദില്‍ 19 സ്ഥലങ്ങളില്‍ സ്ഫോടനം നടക്കും എന്നായിരുന്നു ഈ-മെയില്‍. ഇനി എവിടെയൊക്കെയാവും ആ ദുരന്തം സംഭവിക്കുക എന്ന ഭീതിയോടെ ഞങ്ങള്‍ സുഹൃത്തുക്കളും കുടുംബങ്ങളും വാര്‍ത്തകള്‍ക്കായി കാത്തിരുന്നു. 12 മണിയോടെ നഗരം പൊതുവേ ശാന്തമായി. സാധാരണ രീതിയില്‍ അര്‍ദ്ധരാത്രിയ്ക്കും വാഹനത്തിരക്കൊഴിയാത്ത റോഡുകള്‍ വിജനമായിക്കഴിഞ്ഞിരുന്നു. വളരെയധികം ഭയപ്പാടോടെ ഉറങ്ങാന്‍ കിടന്നു.


ഞായറാഴ്ച രാവിലെ പത്രങ്ങളിലെ വാര്‍ത്തകള്‍ ഭയാനകമായിരുന്നു. വേദനയില്‍ പുളയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍...ഹോ, ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു.


അന്ന് വൈകുന്നേരത്തെ വാര്‍ത്തകളില്‍ ഹാട്കേശ്വറില്‍ 2.5 കിലോ ഭാരമുള്ള ഒരു ബോംബ് കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന ദൃശ്യങ്ങള്‍ കണ്ടു. അതു കൂടി പൊട്ടിയിരുന്നെങ്കില്‍, മരണസംഖ്യ വീണ്ടുമുയര്‍ന്നേനേ...സൂററ്റില്‍ രണ്ട് വാഗണ്‍-ആര്‍ കാറുകളില്‍ നിന്നായി ബോംബുകള്‍ കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന കാഴ്ച്ചകള്‍ കൂടി കണ്ടപ്പോള്‍ ഭീതി ഇരട്ടിച്ചു. മനുഷ്യജീവന്റെ വില ഒന്നുമല്ലെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍......ഏതായാലും അഹമ്മദാബാദ് സിറ്റിയിലെ കത്തി നിന്ന ഒരു വിഷയം മറക്കുവാന്‍ ഈ സംഭവം സഹായിച്ചു. അസാറാം ബാപ്പുവിനെതിരെയുള്ള കൊലപാതകാരോപണങ്ങള്‍ ആളുകള്‍ മറന്നു കഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള എന്റെ പോസ്റ്റ് (http://letmetellsomething.blogspot.com/2008/07/blog-post.html).

ഇപ്പോള്‍ ഒരു ചെറിയ ശബ്ദം കേട്ടാലും ഭയപ്പാടോടെ ആ സ്ഥലത്തേയ്ക്ക് നോക്കും. ഈ പേടി മാറണമെങ്കില്‍ എത്ര കാലം എടുക്കുമെന്ന് അറിയില്ല.

Wednesday, July 23, 2008

പാവം സോമണ്ണന്‍

വിശ്വാസ വോട്ടിന്റെ രക്തസാക്ഷിയാകാന്‍ വിധിയുണ്ടായത് നമ്മുടെ ബഹു: സ്പീക്കര്‍ക്കായിരുന്നു.
പാര്‍ട്ടി പറഞ്ഞത് അനുസരിക്കാത്തതിന് അദ്ദേഹത്തെ വിപ്ലവപ്പാര്‍ട്ടി പുറത്താക്കിയിരിക്കുന്നു.
ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചയുടനെ രാജി വെച്ച് പുറത്തു പോകാന്‍, കോണ്‍ഗ്രസ്സ് വിപ്ലവപ്പാര്‍ട്ടിയുടെ തോളില്‍ കൈയ്യിട്ടല്ലല്ലോ കഴിഞ്ഞ ഒരു ഇലക്ഷനും ജയിച്ചത്? കേരളവും ബംഗാളും പോലെയുള്ള വലിയ സംസ്ഥാനങ്ങളില്‍ വിപ്ലവപ്പാര്‍ട്ടിയോട് മത്സരിച്ചും ജയിച്ചും തോറ്റും തന്നെയല്ലേ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്?

ഭൂരിപക്ഷമില്ലാത്തതിനാലും ബി ജെ പിയോട് അടുത്താല്‍ പാര്‍ട്ടി മെംബര്‍മാരുടെ തല്ലു കിട്ടുമെന്ന് അറിയാമെന്നുള്ളതിനാലും കാരാട്ടും കുടുംബവും കോണ്‍ഗ്രസ്സിനെ താങ്ങി, അല്ലാതെന്താ, കോണ്‍ഗ്രസ്സിനെ കൊണ്ട് ഭരിപ്പിച്ചോളാം എന്ന് കാരാട്ടും യെച്ചൂരിയും വൃതം വല്ലതും എടുത്തിട്ടുണ്ടായിരുന്നോ?

ഭരണത്തിലിരുന്നത് കൊണ്ട് സഖാക്കന്മാരും കുറേ സുഖസൌകര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടല്ലോ? എനിക്ക് അറിയാവുന്ന ഒരു ചെറിയ കാര്യം പറയാം. സ: യെച്ചൂരി താമസിക്കുന്ന ദില്ലിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ദിവസവും 4 മണിക്കൂറ് മാത്രമേ കോര്‍പ്പറേഷന്‍ നല്‍കുന്ന വെള്ളം എത്തുകയുള്ളു. എന്നാല്‍ സഖാവിന്റെ ഫ്ലാറ്റില്‍ മാത്രം 24 മണിക്കൂറും വെള്ളം എത്തുന്നുണ്ട്. അധികാരത്തിലില്ലാതിരുന്നിട്ടും അധികാരത്തിലിരിക്കുന്നതിന്റെ എല്ലാ സൌകര്യങ്ങളും സഖാക്കന്മാര്‍ക്കുണ്ട്. ഇതൊരു വലിയ കാര്യമാണോ എന്നൊന്നും ചോദിച്ചേക്കരുത്. എന്റെ കൈയ്യില്‍ അതിനുള്ള ഉത്തരമില്ല.

കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആരെയൊക്കെ കൂട്ട് പിടിച്ചു എന്ന് നോക്കുന്നതിനു പകരം സര്‍ക്കാരിനെ താഴെയിറക്കാന്‍ സഖാക്കള്‍ എന്താണ് ചെയ്തത് എന്ന് നോക്കൂ.

മോദി നടത്തിയ കൂട്ടക്കൊലയില്‍ ഗ്യാലറിയിലിരുന്നു കൈയ്യടിച്ച അദ്വാനി എന്ന ഹിന്ദു തീവ്രവാദിയുടെയും, തനിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ എണ്ണിയെണ്ണി ക്ഷീണിച്ചും, സ്വന്തം പ്രതിമകള്‍ നാട് നീളെ ഉണ്ടാക്കി നടക്കുകയും ചെയ്യുന്ന മായാവതി മാഡത്തിന്റെയും കൂട്ട് പിടിച്ച് ഇന്നലെ നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകം കണ്ട് ഒന്നേ പറയാനുള്ളൂ... ലാല്‍ സലാം സഖാവേ ലാല്‍ സലാം.

ഷിബു സോറനും മറ്റും കുഴപ്പക്കാര്‍ തന്നെ. പിന്നെയെന്തിന് അയാളെ മന്ത്രിയാക്കിയിട്ടും നാണം കെട്ട് ഈ സര്‍ക്കാരിനെ പിന്താങ്ങി? ഇനിയെങ്കിലും കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്താന്‍ സഹായിക്കാതിരിക്കാമോ സഖാക്കളേ?

Saturday, July 19, 2008

അങ്ങനെ ഒരു ബന്ദ് ദിനത്തില്‍

അങ്ങനെ അവസാനം അത് സംഭവിച്ചു......

അഹമ്മദാബാദില്‍ ഒരു സുന്ദരന്‍ ബന്ദ്.... രാഷ്ട്രീയക്കാരു ഭാരത് ബന്ദ് നടത്തുമ്പോള്‍പ്പോലും ഞങ്ങളൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളുടെ അഹമ്മദാബാദിലാണ് അക്രമാസക്തമായ ഒരു ബന്ദ് നടന്നത്.

അത് ഇന്നലെയായിരുന്നു (ജൂലൈ പതിനെട്ടിന്).


അസാറാം ബാപ്പു എന്ന മനുഷ്യദൈവത്തിന്റെ അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്നും രണ്ട് കുട്ടികളെ കാണാതാവുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ശവശരീരങ്ങള്‍ ആശ്രമത്തിനു സമീപത്ത് സബര്‍മതി നദീ തീരത്ത് നിന്നും കിട്ടുകയും ചെയ്തു.


അസാറാം ബാപ്പു

ദീപക് വഘേല (10), അഭിഷേക് വഘേല (11 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
പോലീസ് കേസന്വേഷിച്ചു വരികയാണ്. കേസന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട്, കുട്ടികളുടെ ബന്ധുക്കളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദ് പ്രഖ്യാപിച്ചത് വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു. ഗുരു പൂര്‍ണിമ എന്ന ആഘോഷത്തിനായി ബാപ്പു അഹമ്മദാബാദില്‍ എത്തുന്ന ദിവസമായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ ആരാധകര്‍ പല സ്ഥലങ്ങളില്‍ നിന്നായി നഗരത്തിലേക്ക് വരുന്നുമുണ്ടായിരുന്നു.
അഹമ്മദാബാദില്‍ പലയിടങ്ങളിലും ബാപ്പുവിന്റെ ആരാധകരും എതിരാളികളും ഏറ്റുമുട്ടി. ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ക്കായി വന്നു കൊണ്ടിരുന്ന ആരാധകര്‍ക്ക് പൊതിരെ തല്ലും കിട്ടി.
ഇതില്‍ രസകരമായ ഒരു കാര്യം, എതിരാളികളില്‍ ഭൂരിപക്ഷവും പണ്ട് ഈ ദൈവ മനുഷ്യന്റെ ആരാധകരായിരുന്നു എന്നതാണ്.
ആശ്രമത്തിലെത്തിയ ആരാധകരുടെ വാഹനങ്ങള്‍ കൂട്ടത്തോ‍ടെ കത്തിക്കാനും ബന്ദ് അനുകൂലികള്‍ മറന്നില്ല.


(ചിത്രങ്ങള്‍ക്ക് കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)
പല സ്ഥലങ്ങളിലും പൊലീസിനെ മൂകസാക്ഷിയാക്കിയായിരുന്നു അക്രമം.
ആശ്രമം സ്ഥിതി ചെയ്യുന്ന സബര്‍മതി പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയ്ക്കു തൊട്ടപ്പുറത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍, സബര്‍മതി പോലീസ്, അതു തങ്ങളുടെ അതിര്‍ത്തിയല്ല എന്ന് പറഞ്ഞ് നോക്കി നിന്നു. (ഇതിന്റെ ഫോട്ടോ ഒരു പത്രത്തിലുണ്ടായിരുന്നു. പക്ഷേ കോപ്പി ഇടാന്‍ ഇപ്പോള്‍ പത്രം കൈയ്യിലില്ല)
ഇതിനിടയില്‍ ബാപ്പു, കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. മുന്പ് അദ്ദേഹത്തിന്റെ ആരാധകരായിരുന്ന ബന്ധുക്കള്‍ അദ്ദേഹത്തെ ഒന്നു ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കിയില്ല. ബാപ്പു സംസാരിക്കുമ്പോള്‍ ഒരു കുട്ടിയുടെ അച്ഛന്‍ ഒന്നും മിണ്ടാതെ ഭഗവത് ഗീതയും മാറോട് ചേര്‍ത്ത് പിടിച്ച് ആകാശത്തേയ്ക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
മാനം നഷ്ടപ്പെടുമെന്ന് ഉറപ്പായ സന്ന്യാസി, തന്റെ ആഡംബരക്കാറില്‍ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. പോകുന്നതിന് മുന്‍പ് ആശ്രമത്തിലെ പ്രസാദവും ആത്മീയ പുസ്തകങ്ങളും അച്ഛന്റെ മുന്‍പില്‍ വച്ചു.
അദ്ദേഹത്തിന്റെ ആരാധകരായിരുന്ന മറ്റ് ബന്ധുക്കള്‍, അദ്ദേഹമിരുന്ന
വിരിപ്പും അദ്ദേഹം കൊടുത്ത പ്രസാദവും പുസ്തകങ്ങളും ഉടന്‍ തന്നെ നടുറോഡില്‍ ഇട്ടു കത്തിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഗുരുപൂര്‍ണിമയ്ക്ക് ബാപ്പുവിന്റെ പാദസേവ നടത്താന്‍ ആശ്രമത്തില്‍ തിക്കിത്തിരക്കിയവരായിരുന്നു ഇവരില്‍ പലരും.
ആശ്രമത്തിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ബാപ്പുവിന്റെ ആരാധകര്‍ നല്ലത് പോലെ പെരുമാറി. സംഭവത്തിന് ആവശ്യത്തില്‍ കൂടുതല്‍ മാധ്യമ പ്രാധാന്യം കൊടുക്കുന്നു എന്നാരോപിച്ചായിരുന്നു തല്ല്. ബാപ്പുവിന്റെ അനുകൂലികളും അക്രമത്തിന്റെ കാര്യത്തില്‍ ഒട്ടും കുറച്ചില്ല. അവരും കൂടി വാഹനങ്ങള്‍ കത്തിക്കാനും, വീടുകള്‍ ആക്രമിക്കാനും.
ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടും, ഇത്തരം സന്യാസിമാരെ ആരാധിക്കാനും അവരുടെ അനാവശ്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും ആളുകള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്......
ആത്മീയത പറഞ്ഞ് നടക്കുമ്പോഴും, ലൌകിക സുഖങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നു വയ്ക്കാന്‍ ഇത്തരം സന്യാസിമാര്‍ തയ്യാറല്ല. ആശ്രമങ്ങളിലെ മുറികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൌകര്യങ്ങളോട് കൂടിയതാണ്. സഞ്ചരിക്കുവാന്‍ വിദേശ നിര്‍മ്മിത കാറുകള്‍ മാത്രമേ ഇവര്‍ ഉപയോഗിക്കുകയുള്ളു.
ഇവരില്‍ നിന്നുമൊക്കെ എന്റെ പ്രിയപ്പെട്ട നാടിന് എന്നാണാവോ മോചനം?

Wednesday, May 14, 2008

ഹിന്ദി നഹി മാലൂം

5 വര്‍ഷത്തെ സേവനത്തിനു ശേഷം, കഴിഞ്ഞ വര്‍ഷം എന്റെ ആപ്പീസ്, എന്നെ പ്രൊമോഷന്‍ നല്‍കി തിരുവനന്തപുരത്ത് നിന്നും സ്ഥലം മാറ്റി.... അംദാവാദിലേക്ക്.....

(അച്ഛന്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍, അദ്ദേഹത്തിനു, ഹിന്ദിയുടെ ആവശ്യകത വളരെയധികം ബോധ്യമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേരണയാല്‍, ഞാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ, കേരള ഹിന്ദി പ്രചാര സഭയുടെ പരീക്ഷകള്‍ പാസ്സായിരുന്നു....)

തിര്വോന്ത്രത്ത് ജോലി നോക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ, അവിടെ നടക്കാറുണ്ടായിരുന്ന ഹിന്ദി മത്സരങ്ങളില്‍ കുറേ സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. ഹിന്ദി ഉപയോഗിച്ച് ജോലി ചെയ്തതിന്, അവാര്‍ഡും വാങ്ങിയിട്ടുണ്ട്....
അങ്ങനെ ഹിന്ദിയില്‍ ഒരു വിധം അറിവുമായി (അതിന്റെ അഹങ്കാരവുമായി) ഞാന്‍ അംദാവാദിലേക്ക് തിരിച്ചു......

അഹമ്മദാബാദ് ആപ്പീസില്‍ എത്തിയപ്പോഴേ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നത് വേദനയോടെ ഞാന്‍ നോക്കി നിന്നു. എന്റെ ഹിന്ദി ആകെ കുഴപ്പമായിരുന്നു.

ഹിന്ദിയില്‍ എനിക്ക് കീറാമുട്ടിയായി നിന്നത് പുല്ലിംഗവും സ്ത്രീലിംഗവുമായിരുന്നു. ക്രിയാശബ്ദങ്ങള്‍ തിരുമാനിക്കുന്നത് നാമങ്ങളുടെ ലിംഗമാണല്ലോ.

പൂയപ്പള്ളി ഗവണ്മെന്‍റ് സ്ക്കൂളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന ഗോപാലന്‍ സാറിനെ ഓര്‍മ്മ വരുന്നത് ആ സമയങ്ങളിലാണ്. സ്ഥിരമായി ഹിന്ദി പരീക്ഷയ്ക്ക് വരുന്ന ഒരു ചോദ്യമായിരുന്നു, പുല്ലിംഗവും സ്ത്രീലിംഗവും വേര്‍തിരിച്ചെഴുതുക എന്നത്. ഒന്നൊഴിയാതെ എല്ലാം തെറ്റിക്കുക എന്നത് എന്റെ ഒരു ശീലവുമായിരുന്നു. ഇതുവരെ എനിക്ക് മനസ്സിലാവാത്തത് ഇത് തന്നെ.... എങ്ങനെയാ സാധനങ്ങളെ പുല്ലിംഗമെന്നും സ്ത്രീലിംഗമെന്നും വേര്‍തിരിക്കുക?? ഒന്‍പതാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം പാനി (വെള്ളം) പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്നതായിരുന്നു. ഞാന്‍ സ്ത്രീലിംഗമെന്ന് എഴുതി. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഗോപാലന്‍ സാറിനെ കണ്ടു. സാറിനോട് ചോദിച്ചു പാനി പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന്.

സാറ് സ്വതസിദ്ധമായ ചിരിയോടെ തിരിച്ച് ഒരു ചോദ്യം ചോദിച്ചു: “എടാ, വെള്ളമടിക്കുന്നതാരാ?”

ഞാന്‍ പറഞ്ഞു: “ആണുങ്ങള്‍” (1993 ല്‍, ഒരു നാട്ടിന്‍പുറത്തുകാരന്റെ ചെറിയ ലോകത്തില്‍ ഈ ഉത്തരം ശരിയായിരുന്നു)

ഉടന്‍ വന്നു സാറിന്റെ ഉത്തരം: “അപ്പോള്‍ പാനി പുല്ലിംഗം”

പാ‍നിയുടെ കാര്യം മാത്രമേ എനിക്കിന്നും കൃത്യമായി അറിയുകയുള്ളൂ.....

എന്നെ കണ്‍ഫ്യൂസ് ചെയ്യിക്കുന്ന മറ്റൊരു പദം: ഗാഡി (വണ്ടി) , അത് സ്ത്രീലിംഗമാണത്രേ... സ്കൂട്ടര്‍ പുല്ലിംഗമാണെങ്കില്‍ മോട്ടോര്‍ ബൈക്ക് സ്ത്രീലിംഗമാണ്..... ഇങ്ങനെ പോകുന്നു ഹിന്ദിയുടെ വികൃതികള്‍.....

അതു കൊണ്ട് പലപ്പോഴും ഹിന്ദി പറയുമ്പോള്‍ ഞാന്‍ മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കഥാപാത്രത്തെ പോലെ കാ കി എന്നൊക്കെ വിക്കും.

(ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, ഇവനാണോ ഹിന്ദി പരീക്ഷകള്‍ പാസ്സായതെന്നും, സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞത്?. സുഹൃത്തേ, ഇത് സത്യമാണ്. പക്ഷേ നമ്മള്‍ ബുക്കില്‍ നിന്നും കിട്ടിയ ഹിന്ദിയുമായി ഉത്തരേന്ത്യയില്‍ പെഴയ്ക്കാന്‍ പറ്റില്ല)

അങ്ങനെ ഞാന്‍ മുക്കാല്‍ ഹിന്ദിയുമായി അംദാവാദില്‍ ജീവിക്കാന്‍ തുടങ്ങി. ഏത് ആപ്പീസില്‍ ചെന്നാലും, കടയില്‍ ചെന്നാലും, ഹിന്ദിയില്ലാതെ ഒരു കാര്യവും നടക്കില്ല എന്നെനിക്ക് മനസ്സിലായി. എത്ര ഹിന്ദി അറിയാവുന്നവനാണെങ്കിലും നമ്മളൊക്കെ ഇവിടുത്തുകാര്‍ക്ക് “സാലാ മദ്രാസി“ തന്നെ. നമ്മള്‍ വിക്കി വിക്കി ഹിന്ദി പറഞ്ഞ് തുടങ്ങുമ്പോഴേയ്ക്കും ഗോസായിമാര്‍ക്ക് മനസ്സിലാവും ഇവന്‍ “ലുങ്കിവാലാ“ ആണെന്ന്. അതിന്റെ ഒരു പുച്ഛം പല മുഖങ്ങളിലും ഞാന്‍ കണ്ടിട്ടുമുണ്ട്.

തിരുവനന്തപുരത്തെ പാചക വാതക കണക്ഷന്‍ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയുണ്ടായി. അതിന്റെ കടലാസുകളുമായി, ഞാന്‍ ഒരു ഗ്യാസ് ഏജന്‍സിയെ സമീപിച്ചു. ഒറിജിനല്‍ കടലാസുകള്‍ വാങ്ങിക്കഴിഞ്ഞാല്‍, നിയമപ്രകാരം 10 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കണം. എന്നാല്‍ കടയുടമ വളരെ ബുദ്ധിയുള്ളവനായിരുന്നു. അയാള്‍ എന്നോട് ഒറിജിനല്‍ വേണ്ടായെന്നും ഫോട്ടോസ്റ്റാറ്റ് കോപ്പി മതിയെന്നും പറഞ്ഞു. കണക്ഷന്‍ തയ്യാറാകുമ്പോള്‍ ഒറിജിനല്‍ തന്നാല്‍ മതിയെന്നും പറഞ്ഞു. എന്റെ മുറി ഹിന്ദി കേട്ടപ്പോഴേ അയാള്‍ തീരുമാനിച്ചിരുന്നു, ഇവനെ പറ്റിച്ചിട്ട് തന്നെ കാര്യമെന്ന്. കുടുംബം എന്റെ കൂടെയില്ലാതിരുന്നതിനാല്‍ ഞാനും വലിയ ബലം പിടിക്കാന്‍ പോയില്ല....

എന്നും ഞാന്‍ ഫോണ്‍ ചെയ്യും, എന്നും ഒരു ഉത്തരം തന്നെ: സാര്‍ കണ്‍ക്ഷന്‍ സാങ്ക്ഷന്‍ ആയില്ല..... ഇങ്ങനെ 20 ദിവസത്തോളം പോയി. ഒടുവില്‍ സഹികെട്ട് ഞാന്‍ ഇന്‍ഡ്യന്‍ ഓയിലില്‍ ഒരു പരാതി നല്‍കാന്‍ തീരുമാനിച്ചു. പരാതി നല്‍കിക്കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞാന്‍ ഏജന്‍സിയില്‍ പോയി. അപ്പോള്‍ എനിക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറേ തന്നെയായിരുന്നു. വന്നാട്ടേ ഇരുന്നാട്ടേ എന്നൊക്കെയായി..... അന്ന് തന്നെ കണക്ഷനും കിട്ടി. അടുത്ത ദിവസം തന്നെ രണ്ടാമത്തെ സിലിണ്ടറും കിട്ടി.

ഒരു വര്‍ഷം കടന്ന് പോയി. എന്റെ ഒരു മലയാളി സുഹൃത്ത് (പേര് പറയുന്നില്ല) ചെന്നൈയില്‍ നിന്നും സ്ഥലം മാറ്റം കിട്ടി അഹമ്മദാബാദിലെത്തി. അദ്ദേഹത്തിന് ഹിന്ദി ഒരു പിടിയുമില്ല.

അദ്ദേഹവും ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ ഇതേ ഏജന്‍സിയില്‍ പോയി. എനിക്കുണ്ടായ ദുരനുഭവം അദ്ദേഹത്തിന് അറിയാമായിരുന്നു.

അന്ന് വൈകുന്നേരം തന്നെ വിജയശ്രീലാളിതനായി എന്റെ സുഹൃത്ത് എന്റടുത്തെത്തി.

അദ്ദേഹത്തിന് ഗ്യാസ് കണക്ഷന്‍ കിട്ടിയിരിക്കുന്നു...

ഞാന്‍ ചോദിച്ചു: “ഇതെങ്ങനെ സംഭവിച്ചു?”

അദ്ദേഹം പറഞ്ഞു:“ ഞാന്‍ അവിടെ ചെന്ന് കടലാസെല്ലാം കൊടുത്തു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഞാനെല്ലാം തലകുലുക്കി കേട്ടു. അയാള്‍ പറയുന്നതില്‍ നിന്നും, ഇപ്പോഴൊന്നും കണക്ഷന്‍ കിട്ടാന്‍ പോകുന്നില്ല എന്നെനിക്ക് തോന്നി. 10 മിനിറ്റ് അയാള്‍ പ്രഭാഷണം തുടര്‍ന്നു. അതു കഴിഞ്ഞ് ഞാന്‍ പറഞ്ഞു ‘ഹിന്ദി നഹി മാലൂം‘. അയാള്‍ ചോദിച്ചു ‘ഗുജറാത്തി?‘ ഞാന്‍ പറഞ്ഞു ‘ഗുജറാത്തി നഹി മാലൂം‘. ഇത് കേട്ടതും അയാള്‍ പറഞ്ഞു ‘സാറ് ഇപ്പോ തന്നെ കണക്ഷന്‍ കൊണ്ടുപൊയ്ക്കോ’. അയാള്‍ അപ്പോള്‍ തന്നെ റെഗുലേറ്ററും മറ്റും തന്നു. നാളെ തന്നെ സിലിണ്ടര്‍ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്“.

ഇത് കേട്ടപ്പോള്‍ എനിക്ക് തോന്നി, ഇത്തരം അവസരങ്ങളില്‍ ഹിന്ദി നഹി മാലൂം എന്ന് പറയുന്നതാണ് നല്ലതെന്ന്.......Friday, May 9, 2008

പത്താം ക്ലാസ്സ് തോറ്റയാള്‍ കട്ടപ്പന കോളേജില്‍?

മനോരമയുടെ സ്വലേമാര്‍ക്ക് എന്തു പറ്റി?

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വായിക്കുന്നു എന്ന് പറയപ്പെടുന്ന പത്രമല്ലേ?

ഇങ്ങനെയൊക്കെ അബദ്ധം പറ്റാമോ?

പിണറായിയെക്കുറിച്ച് പറയുമ്പോള്‍ അതുമിതും പറയുന്ന പോലെയാണോ....


സന്തോഷ് മാധവന്റെ ഗസ്റ്റ് ഹൌസിലെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത കൊച്ചി സ്വലേയും അദ്ദേഹത്തിന്റെ ചരിത്രം റിപ്പോര്‍ട്ട് ചെയ്ത കട്ടപ്പന സ്വലേയും എഴുതിയത് ഒന്ന് വായിച്ച് നോക്കൂ...
കട്ടപ്പന സ്വലേ പറഞ്ഞത് ഇവിടെ (മനോരമ സൈറ്റില്‍)അപ്പോള്‍ എനിക്കൊരു സംശയം...

പത്താം ക്ലാസ്സ് തോറ്റതോടെ പരിപാടി അവസാനിപ്പിച്ച ആള്‍ക്ക് കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ അഡ്മിഷന്‍ കിട്ടുമോ?

അതോ കൊച്ചി സ്വലേ പറയുന്ന സന്തോഷ് മാധവനും കട്ടപ്പന സ്വലേ പറയുന്ന സന്തോഷ് മാധവനും രണ്ടാണോ?

ഒരു ആവേശത്തിനു ആവശ്യത്തില്‍ കൂടുതല്‍ മസാല ചേര്‍ത്ത് വാര്‍ത്തകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് വിളമ്പുമ്പോള്‍ ഇത്തരം അബദ്ധങ്ങളൊന്നും ഒരു പ്രശ്നമല്ല അല്ലേ?


ഇനി പറയാനുള്ളത്: ഇതിനു മുന്‍പുള്ള എന്റെ ബ്ലോഗിനെക്കുറിച്ച് (അഹമ്മദാബാദിലെ ഹര്‍ത്താല്‍) മനോരമയിലുള്ള എന്റെ സുഹൃത്ത് പറഞ്ഞത് "Who cares?" എന്നാണ്. എന്റെ അടുത്ത സംശയം: ആ പറഞ്ഞത് വാര്‍ത്തയെപ്പറ്റിയാണോ ബ്ലോഗിനെപ്പറ്റിയാണോ? മനോരമയുടെ ഒരു നിലവാരം വെച്ച് നോക്കുമ്പോള്‍ അത് വാര്‍ത്തയെപ്പറ്റിയാവാനാ‍ണ് സാധ്യത......

Saturday, May 3, 2008

ഈ ഗുജറാത്ത് എവിടെയാ ചേട്ടാ?

“അല്ല ചേട്ടാ, നമ്മള്‍ താമസിക്കുന്ന അഹമ്മദാബാദ് ഗുജറാത്തില്‍ തന്നെയല്ലേ?” ചോദ്യം കേട്ട് ഞാനൊന്ന് അന്തിച്ചു.

“അതെന്താ അനിയാ അങ്ങനെ ചോദിച്ചേ?”

“അല്ല, ഇതു കണ്ടോ? മേയ് 2 നു ഇവിടെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണമായിരുന്നു എന്ന് മനോരമയും ഏറെക്കുറേ പൂര്‍ണ്ണമായിരുന്നു എന്ന് മാധ്യമവും പറഞ്ഞിരിക്കുന്നു. പക്ഷേ അഹമ്മദാബാദില്‍ കടകളെല്ലാം തുറക്കുകയും എല്ലാ വാഹനങ്ങളും റോട്ടിലിറങ്ങുകയും ചെയ്തല്ലോ?”


“അതേ, ഞാനന്ന് ഓഫീസ്സില്‍ പോയത് എന്‍റെ സ്വന്തം വാഹനത്തിലല്ലേ?, എന്‍റെ സുഹൃത്തുക്കള്‍ വന്നതും അവരുടെ വാഹനങ്ങളില്‍ തന്നെ. വഴിയില്‍ ബി ജെ പി ചേട്ടന്മാരെയോ, ആര്‍ എസ്സ് എസ്സ് കുഞ്ഞുങ്ങളെയോ കണ്ടതേയില്ല. ഓഫീസ്സില്‍ ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, ഇവിടെ ആരും ബന്ദിനെയും ഹര്‍ത്താലിനെയും ഭയക്കാറില്ലെന്നാ. അതാര് നടത്തിയാലും.”


ഞാന്‍ തുടര്‍ന്നു “വടോദരയിലും സൂററ്റിലും ബി ജെ പി നേതാക്കള്‍ ഉച്ചയ്ക്ക് 2 മണി വരെ കടകള്‍ അടച്ചിടണമെന്ന് കടയുടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അഹമ്മദാബാദിലെ പഴയ നഗരത്തില്‍ കുറച്ച് കടകള്‍ അടച്ചിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ബി ജെ പി പ്രവര്‍ത്തകര്‍ സമാധാനപരമായി അഹമ്മദാബാദില്‍ പ്രകടനവും നടത്തിയിരുന്നു. പ്രകടന സമയത്ത് പോലും അവര്‍ വാഹനങ്ങള്‍ തടയുകയോ, കടകള്‍ അടപ്പിക്കുകയോ ചെയ്തില്ല. റ്റൈംസ് ഓഫ് ഇന്‍ഡ്യ ഈ ഹര്‍ത്താലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മോദിയെയും ബി ജെ പി യെയും തക്കം കിട്ടിയാല്‍ ചെളി വാരിയെറിയുന്ന റ്റൈംസ്, ഇത്തരം ഒരു അവസരം കളഞ്ഞ് കുളിക്കുമെന്ന് കരുതുന്നുണ്ടോ? ഹര്‍ത്താല്‍ ദിവസം ഞാന്‍ എടുത്ത പടങ്ങളാ ഇത്....”

ആശ്രം റോഡ് (അഹമ്മദാബാദിലെ ഒരു പ്രധാന റോഡ്)


ഇന്‍കം ടാക്സ് സര്‍ക്കിളിലെ തിരക്ക്

തുറന്നിരിക്കുന്ന സെയില്‍സ് ഇന്‍ഡ്യ


മിട്ടാഖലി ചാര്‍ രസ്ത

ലോ ഗാര്‍ഡനിലെ പാര്‍ക്കിങ്ങ്

“ഇത് കണ്ടാല്‍ ഇതൊരു ഹര്‍ത്താല്‍ ദിവസമാണെന്ന് പറയുമോ?”

“അപ്പോ എന്തിനാ ഈ മനോരമയും മാധ്യമവും ഇങ്ങനെ കള്ളത്തരം എഴുതിപ്പിടിപ്പിക്കുന്നത് ചേട്ടാ?”

“അതിന് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല അനിയാ. അതൊക്കെ വലിയ ട്രേഡ് സീക്രട്ടാ... എന്തൊക്കെ എവിടെയൊക്കെ നടക്കണമെന്ന് ഈ മാധ്യമ ഭീമന്മാരല്ലേ അനിയാ തീരുമാനിക്കുന്നത്.”

“ഹോ, നാട്ടിലായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുകയാ ചേട്ടാ. കുറച്ച് ചിക്കനും കുപ്പിയും വാങ്ങി വീട്ടിലിരുന്ന് ഒന്ന് അര്‍മ്മാദിക്കാമായിരുന്നു. നാട്ടില്‍ ഇതൊരു ആഘോഷമല്ലേ?”

“അതേ അനിയാ, ഒരു പഞ്ചായത്ത് ഇലക്ഷനു കെട്ടി വെച്ച കാശ് തിരികെ കിട്ടാത്ത പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചാല്‍ പോലും പ്രബുദ്ധ സാക്ഷര കേരളം പേടിച്ചു തുള്ളി വീട്ടിലിരിക്കില്ലേ?”

“അപ്പോ ശരി ചേട്ടാ, ഇനിയെന്നെങ്കിലും ഗുജറാത്തും കേരളം പോലെയാകുമെന്ന് വിചാരിക്കാം...... എന്നാ പോട്ടെ...”

“അങ്ങനെയാകട്ടെ, പിന്നെക്കാണാം”