Sunday, July 27, 2008

ഭീതിയുടെ നിഴലില്‍

ജൂലൈ 26; ശനിയാഴ്ച ജോലിക്ക് ശേഷം ഐ ഐ ബി എഫിന്റെ ട്രഷറി ആന്റ് റിസ്ക് മാനേജ്മെന്റ് എന്ന ഓണ്‍ലൈന്‍ പരീക്ഷയെഴുതുവാന്‍ ഞങ്ങള്‍ നാല് സുഹ്രുത്തുക്കള്‍ തീരുമാനിച്ചു. വൈകിട്ട് 5.30 ഓടെ എല്ലാവരും അവരവരുടെ റ്റെര്‍മിനലില്‍ നിന്നും പരീക്ഷ പാസ്സായതിന്റെ സന്തോഷത്തോടെ എന്റെ ഡിപ്പാര്‍ട്ട്മെന്റ്റ്റില്‍ എത്തി. എഴുതിയ നാല് പേരും ജയിച്ചതിന്റെ സന്തോഷം പങ്കിട്ട് കൊണ്ട് ഞങ്ങള്‍ ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചു.


വീട്ടിലെത്തിയതും വാരാന്ത്യ ഷോപ്പിങ്ങ് മഹാമഹം ആ‍രംഭിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സഹധര്‍മ്മിണി. വളരെക്കാലമായി പ്ലാന്‍ ചെയ്ത് കൊണ്ടിരുന്ന ഫ്രിഡ്ജ് എക്സ്ചേഞ്ച് അന്ന് നടപ്പിലാക്കാമെന്ന് ഞാനും തീരുമാനിച്ചു. ഒരു മലയാളിയുടെ കടയായ സെയിത്സ് ഇന്‍ഡ്യയില്‍ വിളിച്ച് അവിടുത്തെ മാനേജര്‍ ഓമല്ലൂര്‍ക്കാരനായ ബെന്നിയുമായി സംസാരിച്ചു.


6.30 ഓടെ കടയിലെത്തി. പലവിധ മോഡലുകള്‍ നോക്കി നില്‍ക്കുമ്പോള്‍ ബെന്നി ആരോടോ വളരെ സീരിയസ്സായി സംസാരിക്കുന്നത് കണ്ടു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തെത്തിയ ബെന്നിയുടെ മുഖത്ത് ഒരു വല്ലാത്ത ഭയം കണ്ടു. വളരെ താഴ്ന്ന സ്വരത്തില്‍ ബെന്നി പറഞ്ഞു: “സര്‍, ഞങ്ങളുടെ ബാപ്പുനഗര്‍ ഷോറൂമിനു സമീപത്ത് ഒരു ബോംബ് സ്ഫോടനം നടന്നിരിക്കുന്നു”. എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. ഉടന്‍ തന്നെ വളരെയടുത്തുള്ള സുഹൃത്തുക്കളെ മൊബൈലില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചു. നെറ്റ് വര്‍ക്ക് ബിസി എന്ന മറുപടി മാത്രം. ഒടുവില്‍ ഒരു സുഹൃത്തിനെ ലൈനില്‍ കിട്ടി. അവനോട് ആദ്യം ചോദിച്ചത് എവിടെയാണെന്നായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ തന്നെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിവരം പറഞ്ഞു. അവനോട് പുറത്ത് പോകരുതെന്ന് പറഞ്ഞിട്ട് ടി വിയിലെ വാര്‍ത്ത കാ‍ണാന്‍ ആവശ്യപ്പെട്ടു. മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ അവനെ ചുമതലപ്പെടുത്തി. വാരാന്ത്യമായതിനാല്‍ എല്ലാവരും ഷോപ്പിങ്ങിനും മറ്റുമായി പുറത്ത് പോകുമെന്ന് അറിയാമായിരുന്നു.


അപ്പോഴെയ്ക്കും ഏത് ഫ്രിഡ്ജ് എടുക്കണമെന്ന് ഭാര്യ തീരുമാനിച്ചിരുന്നു. കടയില്‍ ഡിസ്പ്ലേയ്ക്ക് വച്ചിരിക്കുന്ന ടി വികളിലെല്ലാം ബോംബ് സ്ഫോടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും മാത്രം. ഉടന്‍ തന്നെ പേയ്മെന്റും നടത്തി ബെന്നിയോട് യാത്ര പറഞ്ഞ് കടയില്‍ നിന്നുമിറങ്ങി.


കേരള‍ത്തിനു പുറത്ത് ജീവിച്ച് പരിചയമില്ലാത്ത ഞങ്ങള്‍ക്ക് രണ്ട് പേര്‍‍ക്കും ഈ വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണ്ടി വന്നു. പൊതുവേ വളരെ റാഷായി വാഹനങ്ങള്‍ ഓടുന്ന റോഡിലെത്തിയതും സംഗതിയുടെ ഗൌരവം എനിക്ക് മനസ്സിലായി. സാധാരണയിലും വേഗത്തില്‍ വാഹനങ്ങള്‍ പായുന്നു. അഭൂതപൂര്‍വ്വമായ തിരക്ക്. ട്രാഫിക് സിഗ്നല്‍ ഇല്ലാത്ത ക്രോസ്സിങ്ങുകളില്‍ കുരുക്കഴിക്കാന്‍ പറ്റാത്ത രീതിയില്‍ കാറുകളും ഓട്ടോറിക്ഷകളും കുടുങ്ങിക്കിടക്കുന്നു. ഗുജറാത്തിയിലുള്ള വാക്ക് തര്‍ക്കങ്ങളും കേള്‍ക്കാം. അതിനിടെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ഭാര്യയുടെ തത്വചിന്തയില്‍ പൊതിഞ്ഞ വാക്കുകള്‍. “എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നേ? വരാനുള്ളത് എവിടെയായാലും വരും.” അതിനു മറുപടി പിന്നീട് നല്‍കാം എന്ന് തീരുമാനിച്ചു.ക്വാര്‍ട്ടേഴ്സിലെത്തിയതും ടി വി ഓണ്‍ ചെയ്തു. വാര്‍ത്താ ചാനലുകളിലൂടെ സര്‍ഫ് ചെയ്തു. സ്ഫോടനങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ മാത്രം. ചോരയില്‍ കുളിച്ച് കിടക്കന്ന മനുഷ്യരും അവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പായുന്ന ആംബുലന്‍സുകളും സ്വന്തക്കാരെ കാണാതെ അലമുറയിടുന്ന ബന്ധുക്കളും. ഇതിനിടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വിളി തുടങ്ങിയിരുന്നു. പലര്‍ക്കും വിളിച്ചിട്ട് കിട്ടിയില്ല. അച്ഛന്റെ എസ് എം എസ് അപ്പോഴെത്തി. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതരായി വീട്ടിലെത്തിയെന്നും അറിയിച്ച് മറുപടിയയച്ചു.കൂടുതല്‍ സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരുന്നു. അതു വരെ പഴയ നഗരത്തില്‍ മാത്രം നടന്നത് പുതിയ നഗരത്തിലേയ്ക്കും വ്യാപിച്ചു. ഞങ്ങളുടെ താമസ സ്ഥലത്തിന് ഒരു കി.മി. അകലത്തിലുള്ള ജുഹാപ്പുരയിലും സ്ഫോടനം നടന്നിരിക്കുന്നു. 10 മണിയോടെ സ്ഫോടനങ്ങളുടെ എണ്ണം പതിനേഴ് ആയെന്ന് വാര്‍ത്തയെത്തി. നഗര്‍ത്തിലെ രണ്ട് പ്രധാന ആശുപത്രികളിലും സ്ഫോടനം നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സിവില്‍ ഹോസ്പിറ്റലിലും, എല്‍ ജി ഹോസ്പിറ്റലിലും.അപ്പോഴാണ് ഐ ബിക്ക് കിട്ടിയ ഒരു ഈ-മെയിലിനെക്കുറിച്ച് വാര്‍ത്ത വന്നത്. അഹമ്മദാബാദില്‍ 19 സ്ഥലങ്ങളില്‍ സ്ഫോടനം നടക്കും എന്നായിരുന്നു ഈ-മെയില്‍. ഇനി എവിടെയൊക്കെയാവും ആ ദുരന്തം സംഭവിക്കുക എന്ന ഭീതിയോടെ ഞങ്ങള്‍ സുഹൃത്തുക്കളും കുടുംബങ്ങളും വാര്‍ത്തകള്‍ക്കായി കാത്തിരുന്നു. 12 മണിയോടെ നഗരം പൊതുവേ ശാന്തമായി. സാധാരണ രീതിയില്‍ അര്‍ദ്ധരാത്രിയ്ക്കും വാഹനത്തിരക്കൊഴിയാത്ത റോഡുകള്‍ വിജനമായിക്കഴിഞ്ഞിരുന്നു. വളരെയധികം ഭയപ്പാടോടെ ഉറങ്ങാന്‍ കിടന്നു.


ഞായറാഴ്ച രാവിലെ പത്രങ്ങളിലെ വാര്‍ത്തകള്‍ ഭയാനകമായിരുന്നു. വേദനയില്‍ പുളയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍...ഹോ, ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു.


അന്ന് വൈകുന്നേരത്തെ വാര്‍ത്തകളില്‍ ഹാട്കേശ്വറില്‍ 2.5 കിലോ ഭാരമുള്ള ഒരു ബോംബ് കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന ദൃശ്യങ്ങള്‍ കണ്ടു. അതു കൂടി പൊട്ടിയിരുന്നെങ്കില്‍, മരണസംഖ്യ വീണ്ടുമുയര്‍ന്നേനേ...സൂററ്റില്‍ രണ്ട് വാഗണ്‍-ആര്‍ കാറുകളില്‍ നിന്നായി ബോംബുകള്‍ കണ്ടെടുത്ത് നിര്‍വ്വീര്യമാക്കുന്ന കാഴ്ച്ചകള്‍ കൂടി കണ്ടപ്പോള്‍ ഭീതി ഇരട്ടിച്ചു. മനുഷ്യജീവന്റെ വില ഒന്നുമല്ലെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍......ഏതായാലും അഹമ്മദാബാദ് സിറ്റിയിലെ കത്തി നിന്ന ഒരു വിഷയം മറക്കുവാന്‍ ഈ സംഭവം സഹായിച്ചു. അസാറാം ബാപ്പുവിനെതിരെയുള്ള കൊലപാതകാരോപണങ്ങള്‍ ആളുകള്‍ മറന്നു കഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള എന്റെ പോസ്റ്റ് (http://letmetellsomething.blogspot.com/2008/07/blog-post.html).

ഇപ്പോള്‍ ഒരു ചെറിയ ശബ്ദം കേട്ടാലും ഭയപ്പാടോടെ ആ സ്ഥലത്തേയ്ക്ക് നോക്കും. ഈ പേടി മാറണമെങ്കില്‍ എത്ര കാലം എടുക്കുമെന്ന് അറിയില്ല.

4 comments:

അരവിന്ദ് നീലേശ്വരം said...

ഭീതിയുടെ നിഴലില്‍ 2 ദിവസം....
അഹമ്മദാബാദിലെ ബോംബ് സ്ഫോടനങ്ങള്‍ വിഷയമാകുന്ന പോസ്റ്റ്

മൂര്‍ത്തി said...

അരവിന്ദിന്റെ അവസ്ഥ മനസ്സിലാകുന്നു.പത്രവാര്‍ത്തകള്‍ ഇനിയും സംഭവിക്കാം എന്ന ഭീതി ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. ചെയ്തവരുടെ ഉദ്ദേശവും ഇത്തരം ഭീതിപടര്‍ത്തലും അതിലൂടെയുള്ള മുതലെടുപ്പും ആണെന്നുറപ്പാണ്.

ശ്രീ said...

അവസ്ഥ മനസ്സിലാക്കാം മാഷേ. ഇവിടെ ബാംഗ്ലൂരും രണ്ടു ദിവസം എല്ലാവര്‍ക്കും ചെറിയ പേടി ഉണ്ടായിരുന്നു.

പാച്ചേരി... said...

സത്യമാണ്‍ സുഹ്രുത്തേ...ഒന്നിനും ഒരു തുമ്പും കിട്ടുന്നില്ല....എത്ര സ്പോടനങ്ങള്‍...വാറ്ത്തയാകാന്‍ വിധിക്കപ്പെട്ട ഒരുപറ്റം മനുക്ഷ്യറ്..അപലപിക്കുന്ന ഒരുപറ്റം രാക്ഷ്ട്രീയക്കാറ്....