2002 ലെ മനുഷ്യക്കൂട്ടക്കുരുതിയുടെ പേരില്‍ പ്രതിക്കൂട്ടിലായ നരേന്ദ്ര മോദിയെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് പുരോഗതിയിലേക്ക് കുതിക്കുന്നത് എന്നത് പലര്‍ക്കും കേള്‍ക്കാന്‍ സുഖമുള്ള ഒരു കാര്യമല്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഈ ബ്ലോഗിന് തുടക്കമിട്ടത് തന്നെ. ജനുവരി 12 മുതല്‍ 14 വരെ നാലാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റിന് അഹമ്മദാബാദ് വേദിയായി. മരണത്തിന്റെ കച്ചവടക്കാരനെന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ച മോദി കഴിഞ്ഞ മൂന്ന് മീറ്റുകളില്‍ ഗുജറാത്തിനു വേണ്ടി നേടിയെടുത്തത് എത്ര മാത്രം ആണെന്ന് ഈ പട്ടികയില്‍ കാണാം.

(കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)
എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്, 12 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളാണ് ഈ ഉച്ചകോടിയില്‍ ഒപ്പിട്ടത്. വന്‍കിട വ്യവസായികളെ മാത്രമല്ല, ചെറുകിട വ്യവസായികളെ സംബന്ധിച്ചും ഈ ഉച്ചകോടി സ്വപ്നതുല്ല്യമായിരുന്നു.
ഡെല്‍ഹി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്ന പുതിയ പ്രോജക്റ്റ് കടന്നു പോകുന്നത് 6 സംസ്ഥാനങ്ങളിലൂടെയാണ്. ഇതില്‍ 40% വും കടന്നു പോകുന്നത് ഗുജറാത്തിലൂടെയും. 1600 കി മീ സമുദ്രതീരത്തിലുള്ള 21 തുറമുഖങ്ങളും, നിക്ഷേപകരോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന തുറന്ന സമീപനവും കൂടിയാകുമ്പോള്‍ ഗുജറാത്ത്, വ്യവസായികളുടെ പറുദീസയായി മാറുന്നു.
മോദിയുടെയും ഗുജറാത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കാര്യക്ഷമതയറിയണമെങ്കില്‍ നാനോ പ്രോജക്റ്റ് ബംഗാളില്‍ നിന്നും ഗുജറാത്തിലെത്തിയത് മാത്രം നോക്കിയാല്‍ മതി. വെറും 10 ദിവസം കൊണ്ട്, ഈ പ്രോജക്റ്റിനുള്ള കടലാസുകള്‍ മുഴുവന്‍ തയ്യാറാക്കാന്‍ മോദി നല്കിയ ഉത്തരവ് നടപ്പിലാക്കാന്‍ ഗാന്ധിനഗറിലെ ഐ എ എസ്സുകാര്‍ മുതല്‍ പ്യൂണ്മാര് വരെ രാപ്പകലില്ലാതെ അധ്വാനിക്കുന്ന കാഴ്ച ഇവിടുത്തുകാര്‍ കണ്ടതാണ്.
മോദിയുടെ പ്രവര്‍ത്തന ശൈലിയെ ശ്ലാഘിച്ച യുവ എം.പി യെ പരസ്യമായി ശാസിക്കാനല്ലാതെ, അദ്ദേഹം പറഞ്ഞതിന്റെ നിജ സ്ഥിതി മനസ്സിലാക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനു കഴിയുന്നില്ല...
2001 ല്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് എത്ര കാലം മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവും?