Wednesday, May 14, 2008

ഹിന്ദി നഹി മാലൂം

5 വര്‍ഷത്തെ സേവനത്തിനു ശേഷം, കഴിഞ്ഞ വര്‍ഷം എന്റെ ആപ്പീസ്, എന്നെ പ്രൊമോഷന്‍ നല്‍കി തിരുവനന്തപുരത്ത് നിന്നും സ്ഥലം മാറ്റി.... അംദാവാദിലേക്ക്.....

(അച്ഛന്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍, അദ്ദേഹത്തിനു, ഹിന്ദിയുടെ ആവശ്യകത വളരെയധികം ബോധ്യമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേരണയാല്‍, ഞാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ, കേരള ഹിന്ദി പ്രചാര സഭയുടെ പരീക്ഷകള്‍ പാസ്സായിരുന്നു....)

തിര്വോന്ത്രത്ത് ജോലി നോക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ, അവിടെ നടക്കാറുണ്ടായിരുന്ന ഹിന്ദി മത്സരങ്ങളില്‍ കുറേ സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. ഹിന്ദി ഉപയോഗിച്ച് ജോലി ചെയ്തതിന്, അവാര്‍ഡും വാങ്ങിയിട്ടുണ്ട്....
അങ്ങനെ ഹിന്ദിയില്‍ ഒരു വിധം അറിവുമായി (അതിന്റെ അഹങ്കാരവുമായി) ഞാന്‍ അംദാവാദിലേക്ക് തിരിച്ചു......

അഹമ്മദാബാദ് ആപ്പീസില്‍ എത്തിയപ്പോഴേ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നത് വേദനയോടെ ഞാന്‍ നോക്കി നിന്നു. എന്റെ ഹിന്ദി ആകെ കുഴപ്പമായിരുന്നു.

ഹിന്ദിയില്‍ എനിക്ക് കീറാമുട്ടിയായി നിന്നത് പുല്ലിംഗവും സ്ത്രീലിംഗവുമായിരുന്നു. ക്രിയാശബ്ദങ്ങള്‍ തിരുമാനിക്കുന്നത് നാമങ്ങളുടെ ലിംഗമാണല്ലോ.

പൂയപ്പള്ളി ഗവണ്മെന്‍റ് സ്ക്കൂളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന ഗോപാലന്‍ സാറിനെ ഓര്‍മ്മ വരുന്നത് ആ സമയങ്ങളിലാണ്. സ്ഥിരമായി ഹിന്ദി പരീക്ഷയ്ക്ക് വരുന്ന ഒരു ചോദ്യമായിരുന്നു, പുല്ലിംഗവും സ്ത്രീലിംഗവും വേര്‍തിരിച്ചെഴുതുക എന്നത്. ഒന്നൊഴിയാതെ എല്ലാം തെറ്റിക്കുക എന്നത് എന്റെ ഒരു ശീലവുമായിരുന്നു. ഇതുവരെ എനിക്ക് മനസ്സിലാവാത്തത് ഇത് തന്നെ.... എങ്ങനെയാ സാധനങ്ങളെ പുല്ലിംഗമെന്നും സ്ത്രീലിംഗമെന്നും വേര്‍തിരിക്കുക?? ഒന്‍പതാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം പാനി (വെള്ളം) പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്നതായിരുന്നു. ഞാന്‍ സ്ത്രീലിംഗമെന്ന് എഴുതി. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഗോപാലന്‍ സാറിനെ കണ്ടു. സാറിനോട് ചോദിച്ചു പാനി പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന്.

സാറ് സ്വതസിദ്ധമായ ചിരിയോടെ തിരിച്ച് ഒരു ചോദ്യം ചോദിച്ചു: “എടാ, വെള്ളമടിക്കുന്നതാരാ?”

ഞാന്‍ പറഞ്ഞു: “ആണുങ്ങള്‍” (1993 ല്‍, ഒരു നാട്ടിന്‍പുറത്തുകാരന്റെ ചെറിയ ലോകത്തില്‍ ഈ ഉത്തരം ശരിയായിരുന്നു)

ഉടന്‍ വന്നു സാറിന്റെ ഉത്തരം: “അപ്പോള്‍ പാനി പുല്ലിംഗം”

പാ‍നിയുടെ കാര്യം മാത്രമേ എനിക്കിന്നും കൃത്യമായി അറിയുകയുള്ളൂ.....

എന്നെ കണ്‍ഫ്യൂസ് ചെയ്യിക്കുന്ന മറ്റൊരു പദം: ഗാഡി (വണ്ടി) , അത് സ്ത്രീലിംഗമാണത്രേ... സ്കൂട്ടര്‍ പുല്ലിംഗമാണെങ്കില്‍ മോട്ടോര്‍ ബൈക്ക് സ്ത്രീലിംഗമാണ്..... ഇങ്ങനെ പോകുന്നു ഹിന്ദിയുടെ വികൃതികള്‍.....

അതു കൊണ്ട് പലപ്പോഴും ഹിന്ദി പറയുമ്പോള്‍ ഞാന്‍ മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കഥാപാത്രത്തെ പോലെ കാ കി എന്നൊക്കെ വിക്കും.

(ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, ഇവനാണോ ഹിന്ദി പരീക്ഷകള്‍ പാസ്സായതെന്നും, സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞത്?. സുഹൃത്തേ, ഇത് സത്യമാണ്. പക്ഷേ നമ്മള്‍ ബുക്കില്‍ നിന്നും കിട്ടിയ ഹിന്ദിയുമായി ഉത്തരേന്ത്യയില്‍ പെഴയ്ക്കാന്‍ പറ്റില്ല)

അങ്ങനെ ഞാന്‍ മുക്കാല്‍ ഹിന്ദിയുമായി അംദാവാദില്‍ ജീവിക്കാന്‍ തുടങ്ങി. ഏത് ആപ്പീസില്‍ ചെന്നാലും, കടയില്‍ ചെന്നാലും, ഹിന്ദിയില്ലാതെ ഒരു കാര്യവും നടക്കില്ല എന്നെനിക്ക് മനസ്സിലായി. എത്ര ഹിന്ദി അറിയാവുന്നവനാണെങ്കിലും നമ്മളൊക്കെ ഇവിടുത്തുകാര്‍ക്ക് “സാലാ മദ്രാസി“ തന്നെ. നമ്മള്‍ വിക്കി വിക്കി ഹിന്ദി പറഞ്ഞ് തുടങ്ങുമ്പോഴേയ്ക്കും ഗോസായിമാര്‍ക്ക് മനസ്സിലാവും ഇവന്‍ “ലുങ്കിവാലാ“ ആണെന്ന്. അതിന്റെ ഒരു പുച്ഛം പല മുഖങ്ങളിലും ഞാന്‍ കണ്ടിട്ടുമുണ്ട്.

തിരുവനന്തപുരത്തെ പാചക വാതക കണക്ഷന്‍ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയുണ്ടായി. അതിന്റെ കടലാസുകളുമായി, ഞാന്‍ ഒരു ഗ്യാസ് ഏജന്‍സിയെ സമീപിച്ചു. ഒറിജിനല്‍ കടലാസുകള്‍ വാങ്ങിക്കഴിഞ്ഞാല്‍, നിയമപ്രകാരം 10 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കണം. എന്നാല്‍ കടയുടമ വളരെ ബുദ്ധിയുള്ളവനായിരുന്നു. അയാള്‍ എന്നോട് ഒറിജിനല്‍ വേണ്ടായെന്നും ഫോട്ടോസ്റ്റാറ്റ് കോപ്പി മതിയെന്നും പറഞ്ഞു. കണക്ഷന്‍ തയ്യാറാകുമ്പോള്‍ ഒറിജിനല്‍ തന്നാല്‍ മതിയെന്നും പറഞ്ഞു. എന്റെ മുറി ഹിന്ദി കേട്ടപ്പോഴേ അയാള്‍ തീരുമാനിച്ചിരുന്നു, ഇവനെ പറ്റിച്ചിട്ട് തന്നെ കാര്യമെന്ന്. കുടുംബം എന്റെ കൂടെയില്ലാതിരുന്നതിനാല്‍ ഞാനും വലിയ ബലം പിടിക്കാന്‍ പോയില്ല....

എന്നും ഞാന്‍ ഫോണ്‍ ചെയ്യും, എന്നും ഒരു ഉത്തരം തന്നെ: സാര്‍ കണ്‍ക്ഷന്‍ സാങ്ക്ഷന്‍ ആയില്ല..... ഇങ്ങനെ 20 ദിവസത്തോളം പോയി. ഒടുവില്‍ സഹികെട്ട് ഞാന്‍ ഇന്‍ഡ്യന്‍ ഓയിലില്‍ ഒരു പരാതി നല്‍കാന്‍ തീരുമാനിച്ചു. പരാതി നല്‍കിക്കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞാന്‍ ഏജന്‍സിയില്‍ പോയി. അപ്പോള്‍ എനിക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറേ തന്നെയായിരുന്നു. വന്നാട്ടേ ഇരുന്നാട്ടേ എന്നൊക്കെയായി..... അന്ന് തന്നെ കണക്ഷനും കിട്ടി. അടുത്ത ദിവസം തന്നെ രണ്ടാമത്തെ സിലിണ്ടറും കിട്ടി.

ഒരു വര്‍ഷം കടന്ന് പോയി. എന്റെ ഒരു മലയാളി സുഹൃത്ത് (പേര് പറയുന്നില്ല) ചെന്നൈയില്‍ നിന്നും സ്ഥലം മാറ്റം കിട്ടി അഹമ്മദാബാദിലെത്തി. അദ്ദേഹത്തിന് ഹിന്ദി ഒരു പിടിയുമില്ല.

അദ്ദേഹവും ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ ഇതേ ഏജന്‍സിയില്‍ പോയി. എനിക്കുണ്ടായ ദുരനുഭവം അദ്ദേഹത്തിന് അറിയാമായിരുന്നു.

അന്ന് വൈകുന്നേരം തന്നെ വിജയശ്രീലാളിതനായി എന്റെ സുഹൃത്ത് എന്റടുത്തെത്തി.

അദ്ദേഹത്തിന് ഗ്യാസ് കണക്ഷന്‍ കിട്ടിയിരിക്കുന്നു...

ഞാന്‍ ചോദിച്ചു: “ഇതെങ്ങനെ സംഭവിച്ചു?”

അദ്ദേഹം പറഞ്ഞു:“ ഞാന്‍ അവിടെ ചെന്ന് കടലാസെല്ലാം കൊടുത്തു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഞാനെല്ലാം തലകുലുക്കി കേട്ടു. അയാള്‍ പറയുന്നതില്‍ നിന്നും, ഇപ്പോഴൊന്നും കണക്ഷന്‍ കിട്ടാന്‍ പോകുന്നില്ല എന്നെനിക്ക് തോന്നി. 10 മിനിറ്റ് അയാള്‍ പ്രഭാഷണം തുടര്‍ന്നു. അതു കഴിഞ്ഞ് ഞാന്‍ പറഞ്ഞു ‘ഹിന്ദി നഹി മാലൂം‘. അയാള്‍ ചോദിച്ചു ‘ഗുജറാത്തി?‘ ഞാന്‍ പറഞ്ഞു ‘ഗുജറാത്തി നഹി മാലൂം‘. ഇത് കേട്ടതും അയാള്‍ പറഞ്ഞു ‘സാറ് ഇപ്പോ തന്നെ കണക്ഷന്‍ കൊണ്ടുപൊയ്ക്കോ’. അയാള്‍ അപ്പോള്‍ തന്നെ റെഗുലേറ്ററും മറ്റും തന്നു. നാളെ തന്നെ സിലിണ്ടര്‍ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്“.

ഇത് കേട്ടപ്പോള്‍ എനിക്ക് തോന്നി, ഇത്തരം അവസരങ്ങളില്‍ ഹിന്ദി നഹി മാലൂം എന്ന് പറയുന്നതാണ് നല്ലതെന്ന്.......



20 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

ഹ..ഹ..ഹ.. അതുതന്നെയാ...മാഷേ...നല്ലത്‌.... ഗ്യാസ്‌ കണക്ഷണ്റ്റെ കാര്യത്തിലെങ്കിലും ഉപകാരമായല്ലോ....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ച്ചെ....താന്‍ മലയാളികളുടെ വെയ്റ്റ് കളഞ്ഞല്ലോ മോനേ....സാരമില്ല, അടുത്ത പ്രാവശ്യം അക്കിടി പറ്റാതെ നോക്കുക....

മൂര്‍ത്തി said...

രസകര്‍ അരവിന്ദ് ജീ..ഹിന്ദി ആസാന്‍ ഹൈ..ലേകിന്‍ ഹിന്ദി മേം കമന്റ് ടാല്‍നാ വിഷമകര്‍ ഹൈ ഹൂം ഹോ...

അരവിന്ദ് നീലേശ്വരം said...

ഈ പോസ്റ്റ് ഇട്ടതിനു ശേഷം, വീട്ടിലേക്ക് വരുമ്പോള്‍ സുഹൃത്തിനെ കണ്ടു. പോസ്റ്റിട്ട കാര്യം അയാളോട് പറഞ്ഞില്ല. പുള്ളിക്കാരന്‍, ഹെല്‍മറ്റില്ലാതെ ബൈക്കില്‍ പോകാന്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു, ചേട്ടാ, പോലീസ് പിടിക്കുമെന്ന്.

അദ്ദേഹം പറഞ്ഞു, അത് ഇന്നലെയേ പിടിച്ചു. ഒരു കണ്ണാടിക്കട തപ്പി ബൈക്കില്‍ പോകുമ്പോള്‍, സിഗ്നല്‍ തെറ്റിച്ച്, ഒരു യു ടേണ്‍ എടുത്തു. ഒരു പോലീസുകാരന്‍ ഇരയെക്കിട്ടിയ സന്തോഷത്തില്‍ പിടിച്ച് നിര്‍ത്തി. ഹിന്ദിയില്‍ (അതോ ഗുജറാത്തിയിലോ) എന്തൊക്കെയോ പറഞ്ഞ് തുടങ്ങി. ഇദ്ദേഹം ഇംഗ്ലീഷില്‍ സ്പെക്റ്റക്കിള്‍ ഷോപ്പ് എന്നൊക്കെ പറഞ്ഞു നോക്കി. പോലീസുകാരനുണ്ടോ മനസ്സിലാകുന്നു? അയാള്‍ പിന്നെയും മറുഭാഷ പറയാന്‍ തുടങ്ങി. അപ്പോള്‍ എന്റെ സുഹൃത്ത് പറഞ്ഞു, “ഹിന്ദി നഹി മാലൂം”. പോലീസുകാരനു മടുത്തു. അയാള്‍ പറഞ്ഞു, “ ജാ ജാ, റ്റൈം ബര്‍ബാദ് മത്ത് കര്‍ (ഒന്നു പോടേ, സമയം മെനക്കെടുത്താതെ).” സുഹൃത്ത് ഉടന്‍ തന്നെ രക്ഷപെട്ടു. പോലീസുകാരന്‍ അടുത്ത ഇരയെ കാത്ത് നിന്നു.

കഴിഞ്ഞ മാസം പൊല്ല്യൂഷന്‍ കണ്ട്രോള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു 50 രൂപ കൈക്കൂലി വാങ്ങി എന്നെ വിട്ട അഹമ്മദാബാദ് ട്രാഫിക്ക് പോലീസാണ് ഈ ഔദാര്യം കാണിച്ചത്...

അന്ന് ഞാനും ഹിന്ദി നഹി മാലൂം എന്ന് പറഞ്ഞാല്‍ മതിയായിരുന്നു.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ കലക്കി

യാരിദ്‌|~|Yarid said...

മേനെ ഹിന്ദി അചീ തരഹ് മാലും നഹി ഹെ ഹൈ ഹു ഹം ഹാ...

തൊ മെ ഫിര്‍ വാപസ് ഇതര്‍ സെ നഹി ആവുംഗാ,

ആപ്കൊ ഏക് ബഹുത് ബഡാ ധന്യ്‌വാ‍ദ് ഹൊ.. ഹി...!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കൂട്ടുകാരന്‍ ആളു ഭാഗ്യമുള്ളവനാ.
പഞ്ചാബിഹൌസില്‍ ഹരിശ്രീഅശോകനു പറ്റിയതു കണ്ടിട്ടുണ്ടല്ലോ?. ചുമ്മാ അറീലാന്നൊന്നും പറയേണ്ട.

~nu~ said...

രസകരമായിരിക്കുന്നു മാഷേ വിവരണം. ഞാനും ഈ ഗണത്തിൽ പെട്ടത് തന്നെ!!

Unknown said...

കൊള്ളാം ഈ ഹിന്ദി പഠനം ഒരു രസകരം തന്നെ
ഞാന്‍ ഇവിടെവന്ന് പാക്കിസ്ഥാനിക്കളുടെ തന്തക്ക്
വരെ വിളിച്ചിട്ടുണ്ട്

ഹരിത് said...

കൊള്ളാം

അപ്പു ആദ്യാക്ഷരി said...

ഹിന്ദിയിലെ പുല്ലിംഗവും സ്ത്രീലിംഗവും ഒരു കീറാമുട്ടിതന്നെ. ഇതാരാണാവോ ഇങ്ങനൊരു കൊനഷ്ട് ഉണ്ടാക്കിയത്...

ശ്രീലാല്‍ said...

ടെന്‍ഷനടിക്കരുത്...അറിയില്ലെങ്കിലും പത്ത് മുപ്പത് കൊല്ലത്തെ പരിചയം എന്നപോലെ ഹിന്ദിയില്‍ അങ്ങ് ചാമ്പിയേക്കണം.. ഞാനൊക്കെ നല്ല വെള്ളം പോലെയല്ലേ ഹിന്ദി പറയുന്നത്.. ഹീ.. ഹാ.. ഹോ.. ഹൈ.. ഹെന്റമ്മോ...

നവരുചിയന്‍ said...

അപ്പൊ നോര്‍ത്ത് ഇന്ത്യയില്‍ വന്നു പെട്ടാല്‍ ആര് ചോദിച്ചാലും ഊമ ആണ് എന്ന് പറയാം ..

നവരുചിയന്‍ said...

മാഷെ അങ്ങനെ പറയാന്‍ ഉള്ള ഹിന്ദി എന്തുവാ ???

അരവിന്ദ് നീലേശ്വരം said...

നവരുചിയന്റെ ചോദ്യത്തിനുള്ള മറുപടി: ജബാ, ജബ ജബ, ജബ ജബ...... (കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചാബി ഹൌസ് എന്ന സിനിമ കാണുക)

ഗുരുജി said...

നവരുചിയാ, മേം ഗൂംഗാ ഹൂം എന്നു പറഞ്ഞാല്‍ മതി...
ഇന്ത്യയിലെ ഏറ്റവും സരളമായ ഭാഷ ഹിന്ദി തന്നെ...ഉറുദു കഴിഞ്ഞാല്‍ പിന്നെ അര്‍ഥങ്ങളെ ഗര്‍ഭം ധരിക്കുന്ന വാക്കുകള്‍ സാധാരണ സംസാര പ്രയോഗത്തിനുപയോഗിക്കുന്ന വേറൊരു ഭാഷയും ഹിന്ദി പോലെ മറ്റൊന്നില്ല ഇന്ത്യയില്‍. അപ്പോള്‍ മലയാളമോ എന്നു ചോദിക്കരുതേ ആരും. മലയാളം എന്റേയും മാതൃഭാഷയാണ്‌. പക്ഷേ അര്‍ത്ഥസമ്പുഷ്ടതയോടെ മലയാളത്തെ നിത്യോപയോഗത്തിനു ആശ്രയിച്ചാല്‍ പരിഹാസ്യരാകുന്ന പ്രവണതയാണ്‌ നമ്മുടേത്‌. ഹിന്ദി മറിച്ചും. ഇതു സത്യമാണെന്നു ഉത്തരേന്ത്യയില്‍ ജീവിക്കുന്നവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും.

Areekkodan | അരീക്കോടന്‍ said...

ഹ..ഹ..ഹ.. ഹിന്ദിയിലെ പുല്ലിംഗവും സ്ത്രീലിംഗവും ഒരു കീറാമുട്ടിതന്നെ.

കണ്ണൂസ്‌ said...

പണ്ടെപ്പോഴോ ബ്ലോഗില്‍ തന്നെ എഴുതിയ കഥയാണ്‌. എന്നാലും...

ഡല്‍‌ഹിയില്‍ പുതിയതായി വന്ന ഒരു പയ്യനെ പലവ്യഞ്ജനം വാങ്ങാന്‍ വിട്ടു. അത്യാവശ്യം ഹിന്ദി ഒക്കെ അറിയുന്ന മൊതല്‍ ആയിരുന്നു. ചാവല്‍, ചീനി, തേല്‍ ഒക്കെ ചലേഗാ. കടുക് എന്നതിന്‌ അവന്‌ ഹിന്ദി അറിയില്ലായിരുന്നത് കൊണ്ട് സര്‍സ് എന്ന് നേരത്തെ പറഞ്ഞു കൊടുത്തു.

പയ്യന്‍ കടയില്‍ എത്തിയപ്പോഴേക്കും കടുകിന്റെ ഹിന്ദി മറന്നു. എത്തി വലിഞ്ഞു നോക്കിയിട്ടും കാണിച്ചു കൊടുക്കാന്‍ സാധനവും കണ്ടില്ല. എന്നാലും ചുള്ളന്‍ സാധനം വാങ്ങിച്ചോണ്ടാണ്‌ വന്നത്. അവന്‍ ബനിയയോട് പറഞ്ഞത്രേ.

"വോ ചീസ് ദേനാ ജോ കാലാ കാലാ ഗോളാ ഗോളാ ഔര്‍ തേല്‍ മേം ഗഡ്‌ബഡ് ഗഡ്ബഡ് കര്‍തേ ഹേ"

Kaithamullu said...

അരവിന്ദ്,

ലിംഗ ഭേദം ഒരു പ്രശ്നം തന്നെ, അല്ലേ?

കുഞ്ഞന്‍ said...

അറീവില്ലായ്മ നടിച്ചാല്‍ നേട്ടങ്ങളുണ്ടല്ലേ..

പക്ഷെ എന്റെ കാര്യം നേരെമറിച്ച്, ഒരു ജോലിക്കു വേണ്ടി ബഹറൈനില്‍ തെക്കുവടക്കു നടക്കുന്ന കാലത്ത്, ഒരു അറബിയുടെ കടയില്‍ കണക്കുപിള്ള+വില്പനക്കാരന്‍ എന്ന പോസ്റ്റില്‍ ഇന്റെര്‍വ്യൂ ചെയ്തപ്പോള്‍ ചോദിച്ചത് ഹിന്ദി മാലൂം ഹെ എന്നാണ്.. അറിയില്ലാന്നു പറഞ്ഞപ്പോള്‍ ഈ ജോലി നിനക്കു പറ്റില്ലാന്നുപറഞ്ഞ് ഗെറ്റൌട്ടടിച്ചു.(ഡിഗ്രിക്ക് എനിക്ക് ഹിന്ദിക്ക് ഫസ്റ്റ്ക്ലാസ്സുണ്ട് പക്ഷെ കിം ഫലം..!) കാരണം ആ സ്ഥാപനത്തില്‍ കസ്റ്റമേര്‍സ് കൂടുതലും ഇന്ത്യാക്കാരായിരുന്നു.