Wednesday, May 14, 2008

ഹിന്ദി നഹി മാലൂം

5 വര്‍ഷത്തെ സേവനത്തിനു ശേഷം, കഴിഞ്ഞ വര്‍ഷം എന്റെ ആപ്പീസ്, എന്നെ പ്രൊമോഷന്‍ നല്‍കി തിരുവനന്തപുരത്ത് നിന്നും സ്ഥലം മാറ്റി.... അംദാവാദിലേക്ക്.....

(അച്ഛന്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍, അദ്ദേഹത്തിനു, ഹിന്ദിയുടെ ആവശ്യകത വളരെയധികം ബോധ്യമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേരണയാല്‍, ഞാന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ, കേരള ഹിന്ദി പ്രചാര സഭയുടെ പരീക്ഷകള്‍ പാസ്സായിരുന്നു....)

തിര്വോന്ത്രത്ത് ജോലി നോക്കുമ്പോള്‍ മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ, അവിടെ നടക്കാറുണ്ടായിരുന്ന ഹിന്ദി മത്സരങ്ങളില്‍ കുറേ സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. ഹിന്ദി ഉപയോഗിച്ച് ജോലി ചെയ്തതിന്, അവാര്‍ഡും വാങ്ങിയിട്ടുണ്ട്....
അങ്ങനെ ഹിന്ദിയില്‍ ഒരു വിധം അറിവുമായി (അതിന്റെ അഹങ്കാരവുമായി) ഞാന്‍ അംദാവാദിലേക്ക് തിരിച്ചു......

അഹമ്മദാബാദ് ആപ്പീസില്‍ എത്തിയപ്പോഴേ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നത് വേദനയോടെ ഞാന്‍ നോക്കി നിന്നു. എന്റെ ഹിന്ദി ആകെ കുഴപ്പമായിരുന്നു.

ഹിന്ദിയില്‍ എനിക്ക് കീറാമുട്ടിയായി നിന്നത് പുല്ലിംഗവും സ്ത്രീലിംഗവുമായിരുന്നു. ക്രിയാശബ്ദങ്ങള്‍ തിരുമാനിക്കുന്നത് നാമങ്ങളുടെ ലിംഗമാണല്ലോ.

പൂയപ്പള്ളി ഗവണ്മെന്‍റ് സ്ക്കൂളില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന ഗോപാലന്‍ സാറിനെ ഓര്‍മ്മ വരുന്നത് ആ സമയങ്ങളിലാണ്. സ്ഥിരമായി ഹിന്ദി പരീക്ഷയ്ക്ക് വരുന്ന ഒരു ചോദ്യമായിരുന്നു, പുല്ലിംഗവും സ്ത്രീലിംഗവും വേര്‍തിരിച്ചെഴുതുക എന്നത്. ഒന്നൊഴിയാതെ എല്ലാം തെറ്റിക്കുക എന്നത് എന്റെ ഒരു ശീലവുമായിരുന്നു. ഇതുവരെ എനിക്ക് മനസ്സിലാവാത്തത് ഇത് തന്നെ.... എങ്ങനെയാ സാധനങ്ങളെ പുല്ലിംഗമെന്നും സ്ത്രീലിംഗമെന്നും വേര്‍തിരിക്കുക?? ഒന്‍പതാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം പാനി (വെള്ളം) പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്നതായിരുന്നു. ഞാന്‍ സ്ത്രീലിംഗമെന്ന് എഴുതി. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഗോപാലന്‍ സാറിനെ കണ്ടു. സാറിനോട് ചോദിച്ചു പാനി പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന്.

സാറ് സ്വതസിദ്ധമായ ചിരിയോടെ തിരിച്ച് ഒരു ചോദ്യം ചോദിച്ചു: “എടാ, വെള്ളമടിക്കുന്നതാരാ?”

ഞാന്‍ പറഞ്ഞു: “ആണുങ്ങള്‍” (1993 ല്‍, ഒരു നാട്ടിന്‍പുറത്തുകാരന്റെ ചെറിയ ലോകത്തില്‍ ഈ ഉത്തരം ശരിയായിരുന്നു)

ഉടന്‍ വന്നു സാറിന്റെ ഉത്തരം: “അപ്പോള്‍ പാനി പുല്ലിംഗം”

പാ‍നിയുടെ കാര്യം മാത്രമേ എനിക്കിന്നും കൃത്യമായി അറിയുകയുള്ളൂ.....

എന്നെ കണ്‍ഫ്യൂസ് ചെയ്യിക്കുന്ന മറ്റൊരു പദം: ഗാഡി (വണ്ടി) , അത് സ്ത്രീലിംഗമാണത്രേ... സ്കൂട്ടര്‍ പുല്ലിംഗമാണെങ്കില്‍ മോട്ടോര്‍ ബൈക്ക് സ്ത്രീലിംഗമാണ്..... ഇങ്ങനെ പോകുന്നു ഹിന്ദിയുടെ വികൃതികള്‍.....

അതു കൊണ്ട് പലപ്പോഴും ഹിന്ദി പറയുമ്പോള്‍ ഞാന്‍ മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കഥാപാത്രത്തെ പോലെ കാ കി എന്നൊക്കെ വിക്കും.

(ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും, ഇവനാണോ ഹിന്ദി പരീക്ഷകള്‍ പാസ്സായതെന്നും, സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞത്?. സുഹൃത്തേ, ഇത് സത്യമാണ്. പക്ഷേ നമ്മള്‍ ബുക്കില്‍ നിന്നും കിട്ടിയ ഹിന്ദിയുമായി ഉത്തരേന്ത്യയില്‍ പെഴയ്ക്കാന്‍ പറ്റില്ല)

അങ്ങനെ ഞാന്‍ മുക്കാല്‍ ഹിന്ദിയുമായി അംദാവാദില്‍ ജീവിക്കാന്‍ തുടങ്ങി. ഏത് ആപ്പീസില്‍ ചെന്നാലും, കടയില്‍ ചെന്നാലും, ഹിന്ദിയില്ലാതെ ഒരു കാര്യവും നടക്കില്ല എന്നെനിക്ക് മനസ്സിലായി. എത്ര ഹിന്ദി അറിയാവുന്നവനാണെങ്കിലും നമ്മളൊക്കെ ഇവിടുത്തുകാര്‍ക്ക് “സാലാ മദ്രാസി“ തന്നെ. നമ്മള്‍ വിക്കി വിക്കി ഹിന്ദി പറഞ്ഞ് തുടങ്ങുമ്പോഴേയ്ക്കും ഗോസായിമാര്‍ക്ക് മനസ്സിലാവും ഇവന്‍ “ലുങ്കിവാലാ“ ആണെന്ന്. അതിന്റെ ഒരു പുച്ഛം പല മുഖങ്ങളിലും ഞാന്‍ കണ്ടിട്ടുമുണ്ട്.

തിരുവനന്തപുരത്തെ പാചക വാതക കണക്ഷന്‍ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയുണ്ടായി. അതിന്റെ കടലാസുകളുമായി, ഞാന്‍ ഒരു ഗ്യാസ് ഏജന്‍സിയെ സമീപിച്ചു. ഒറിജിനല്‍ കടലാസുകള്‍ വാങ്ങിക്കഴിഞ്ഞാല്‍, നിയമപ്രകാരം 10 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കണം. എന്നാല്‍ കടയുടമ വളരെ ബുദ്ധിയുള്ളവനായിരുന്നു. അയാള്‍ എന്നോട് ഒറിജിനല്‍ വേണ്ടായെന്നും ഫോട്ടോസ്റ്റാറ്റ് കോപ്പി മതിയെന്നും പറഞ്ഞു. കണക്ഷന്‍ തയ്യാറാകുമ്പോള്‍ ഒറിജിനല്‍ തന്നാല്‍ മതിയെന്നും പറഞ്ഞു. എന്റെ മുറി ഹിന്ദി കേട്ടപ്പോഴേ അയാള്‍ തീരുമാനിച്ചിരുന്നു, ഇവനെ പറ്റിച്ചിട്ട് തന്നെ കാര്യമെന്ന്. കുടുംബം എന്റെ കൂടെയില്ലാതിരുന്നതിനാല്‍ ഞാനും വലിയ ബലം പിടിക്കാന്‍ പോയില്ല....

എന്നും ഞാന്‍ ഫോണ്‍ ചെയ്യും, എന്നും ഒരു ഉത്തരം തന്നെ: സാര്‍ കണ്‍ക്ഷന്‍ സാങ്ക്ഷന്‍ ആയില്ല..... ഇങ്ങനെ 20 ദിവസത്തോളം പോയി. ഒടുവില്‍ സഹികെട്ട് ഞാന്‍ ഇന്‍ഡ്യന്‍ ഓയിലില്‍ ഒരു പരാതി നല്‍കാന്‍ തീരുമാനിച്ചു. പരാതി നല്‍കിക്കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞാന്‍ ഏജന്‍സിയില്‍ പോയി. അപ്പോള്‍ എനിക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറേ തന്നെയായിരുന്നു. വന്നാട്ടേ ഇരുന്നാട്ടേ എന്നൊക്കെയായി..... അന്ന് തന്നെ കണക്ഷനും കിട്ടി. അടുത്ത ദിവസം തന്നെ രണ്ടാമത്തെ സിലിണ്ടറും കിട്ടി.

ഒരു വര്‍ഷം കടന്ന് പോയി. എന്റെ ഒരു മലയാളി സുഹൃത്ത് (പേര് പറയുന്നില്ല) ചെന്നൈയില്‍ നിന്നും സ്ഥലം മാറ്റം കിട്ടി അഹമ്മദാബാദിലെത്തി. അദ്ദേഹത്തിന് ഹിന്ദി ഒരു പിടിയുമില്ല.

അദ്ദേഹവും ഗ്യാസ് കണക്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ ഇതേ ഏജന്‍സിയില്‍ പോയി. എനിക്കുണ്ടായ ദുരനുഭവം അദ്ദേഹത്തിന് അറിയാമായിരുന്നു.

അന്ന് വൈകുന്നേരം തന്നെ വിജയശ്രീലാളിതനായി എന്റെ സുഹൃത്ത് എന്റടുത്തെത്തി.

അദ്ദേഹത്തിന് ഗ്യാസ് കണക്ഷന്‍ കിട്ടിയിരിക്കുന്നു...

ഞാന്‍ ചോദിച്ചു: “ഇതെങ്ങനെ സംഭവിച്ചു?”

അദ്ദേഹം പറഞ്ഞു:“ ഞാന്‍ അവിടെ ചെന്ന് കടലാസെല്ലാം കൊടുത്തു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഞാനെല്ലാം തലകുലുക്കി കേട്ടു. അയാള്‍ പറയുന്നതില്‍ നിന്നും, ഇപ്പോഴൊന്നും കണക്ഷന്‍ കിട്ടാന്‍ പോകുന്നില്ല എന്നെനിക്ക് തോന്നി. 10 മിനിറ്റ് അയാള്‍ പ്രഭാഷണം തുടര്‍ന്നു. അതു കഴിഞ്ഞ് ഞാന്‍ പറഞ്ഞു ‘ഹിന്ദി നഹി മാലൂം‘. അയാള്‍ ചോദിച്ചു ‘ഗുജറാത്തി?‘ ഞാന്‍ പറഞ്ഞു ‘ഗുജറാത്തി നഹി മാലൂം‘. ഇത് കേട്ടതും അയാള്‍ പറഞ്ഞു ‘സാറ് ഇപ്പോ തന്നെ കണക്ഷന്‍ കൊണ്ടുപൊയ്ക്കോ’. അയാള്‍ അപ്പോള്‍ തന്നെ റെഗുലേറ്ററും മറ്റും തന്നു. നാളെ തന്നെ സിലിണ്ടര്‍ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്“.

ഇത് കേട്ടപ്പോള്‍ എനിക്ക് തോന്നി, ഇത്തരം അവസരങ്ങളില്‍ ഹിന്ദി നഹി മാലൂം എന്ന് പറയുന്നതാണ് നല്ലതെന്ന്.......Friday, May 9, 2008

പത്താം ക്ലാസ്സ് തോറ്റയാള്‍ കട്ടപ്പന കോളേജില്‍?

മനോരമയുടെ സ്വലേമാര്‍ക്ക് എന്തു പറ്റി?

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വായിക്കുന്നു എന്ന് പറയപ്പെടുന്ന പത്രമല്ലേ?

ഇങ്ങനെയൊക്കെ അബദ്ധം പറ്റാമോ?

പിണറായിയെക്കുറിച്ച് പറയുമ്പോള്‍ അതുമിതും പറയുന്ന പോലെയാണോ....


സന്തോഷ് മാധവന്റെ ഗസ്റ്റ് ഹൌസിലെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത കൊച്ചി സ്വലേയും അദ്ദേഹത്തിന്റെ ചരിത്രം റിപ്പോര്‍ട്ട് ചെയ്ത കട്ടപ്പന സ്വലേയും എഴുതിയത് ഒന്ന് വായിച്ച് നോക്കൂ...
കട്ടപ്പന സ്വലേ പറഞ്ഞത് ഇവിടെ (മനോരമ സൈറ്റില്‍)അപ്പോള്‍ എനിക്കൊരു സംശയം...

പത്താം ക്ലാസ്സ് തോറ്റതോടെ പരിപാടി അവസാനിപ്പിച്ച ആള്‍ക്ക് കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ അഡ്മിഷന്‍ കിട്ടുമോ?

അതോ കൊച്ചി സ്വലേ പറയുന്ന സന്തോഷ് മാധവനും കട്ടപ്പന സ്വലേ പറയുന്ന സന്തോഷ് മാധവനും രണ്ടാണോ?

ഒരു ആവേശത്തിനു ആവശ്യത്തില്‍ കൂടുതല്‍ മസാല ചേര്‍ത്ത് വാര്‍ത്തകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് വിളമ്പുമ്പോള്‍ ഇത്തരം അബദ്ധങ്ങളൊന്നും ഒരു പ്രശ്നമല്ല അല്ലേ?


ഇനി പറയാനുള്ളത്: ഇതിനു മുന്‍പുള്ള എന്റെ ബ്ലോഗിനെക്കുറിച്ച് (അഹമ്മദാബാദിലെ ഹര്‍ത്താല്‍) മനോരമയിലുള്ള എന്റെ സുഹൃത്ത് പറഞ്ഞത് "Who cares?" എന്നാണ്. എന്റെ അടുത്ത സംശയം: ആ പറഞ്ഞത് വാര്‍ത്തയെപ്പറ്റിയാണോ ബ്ലോഗിനെപ്പറ്റിയാണോ? മനോരമയുടെ ഒരു നിലവാരം വെച്ച് നോക്കുമ്പോള്‍ അത് വാര്‍ത്തയെപ്പറ്റിയാവാനാ‍ണ് സാധ്യത......

Saturday, May 3, 2008

ഈ ഗുജറാത്ത് എവിടെയാ ചേട്ടാ?

“അല്ല ചേട്ടാ, നമ്മള്‍ താമസിക്കുന്ന അഹമ്മദാബാദ് ഗുജറാത്തില്‍ തന്നെയല്ലേ?” ചോദ്യം കേട്ട് ഞാനൊന്ന് അന്തിച്ചു.

“അതെന്താ അനിയാ അങ്ങനെ ചോദിച്ചേ?”

“അല്ല, ഇതു കണ്ടോ? മേയ് 2 നു ഇവിടെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണമായിരുന്നു എന്ന് മനോരമയും ഏറെക്കുറേ പൂര്‍ണ്ണമായിരുന്നു എന്ന് മാധ്യമവും പറഞ്ഞിരിക്കുന്നു. പക്ഷേ അഹമ്മദാബാദില്‍ കടകളെല്ലാം തുറക്കുകയും എല്ലാ വാഹനങ്ങളും റോട്ടിലിറങ്ങുകയും ചെയ്തല്ലോ?”


“അതേ, ഞാനന്ന് ഓഫീസ്സില്‍ പോയത് എന്‍റെ സ്വന്തം വാഹനത്തിലല്ലേ?, എന്‍റെ സുഹൃത്തുക്കള്‍ വന്നതും അവരുടെ വാഹനങ്ങളില്‍ തന്നെ. വഴിയില്‍ ബി ജെ പി ചേട്ടന്മാരെയോ, ആര്‍ എസ്സ് എസ്സ് കുഞ്ഞുങ്ങളെയോ കണ്ടതേയില്ല. ഓഫീസ്സില്‍ ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, ഇവിടെ ആരും ബന്ദിനെയും ഹര്‍ത്താലിനെയും ഭയക്കാറില്ലെന്നാ. അതാര് നടത്തിയാലും.”


ഞാന്‍ തുടര്‍ന്നു “വടോദരയിലും സൂററ്റിലും ബി ജെ പി നേതാക്കള്‍ ഉച്ചയ്ക്ക് 2 മണി വരെ കടകള്‍ അടച്ചിടണമെന്ന് കടയുടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അഹമ്മദാബാദിലെ പഴയ നഗരത്തില്‍ കുറച്ച് കടകള്‍ അടച്ചിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ബി ജെ പി പ്രവര്‍ത്തകര്‍ സമാധാനപരമായി അഹമ്മദാബാദില്‍ പ്രകടനവും നടത്തിയിരുന്നു. പ്രകടന സമയത്ത് പോലും അവര്‍ വാഹനങ്ങള്‍ തടയുകയോ, കടകള്‍ അടപ്പിക്കുകയോ ചെയ്തില്ല. റ്റൈംസ് ഓഫ് ഇന്‍ഡ്യ ഈ ഹര്‍ത്താലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മോദിയെയും ബി ജെ പി യെയും തക്കം കിട്ടിയാല്‍ ചെളി വാരിയെറിയുന്ന റ്റൈംസ്, ഇത്തരം ഒരു അവസരം കളഞ്ഞ് കുളിക്കുമെന്ന് കരുതുന്നുണ്ടോ? ഹര്‍ത്താല്‍ ദിവസം ഞാന്‍ എടുത്ത പടങ്ങളാ ഇത്....”

ആശ്രം റോഡ് (അഹമ്മദാബാദിലെ ഒരു പ്രധാന റോഡ്)


ഇന്‍കം ടാക്സ് സര്‍ക്കിളിലെ തിരക്ക്

തുറന്നിരിക്കുന്ന സെയില്‍സ് ഇന്‍ഡ്യ


മിട്ടാഖലി ചാര്‍ രസ്ത

ലോ ഗാര്‍ഡനിലെ പാര്‍ക്കിങ്ങ്

“ഇത് കണ്ടാല്‍ ഇതൊരു ഹര്‍ത്താല്‍ ദിവസമാണെന്ന് പറയുമോ?”

“അപ്പോ എന്തിനാ ഈ മനോരമയും മാധ്യമവും ഇങ്ങനെ കള്ളത്തരം എഴുതിപ്പിടിപ്പിക്കുന്നത് ചേട്ടാ?”

“അതിന് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല അനിയാ. അതൊക്കെ വലിയ ട്രേഡ് സീക്രട്ടാ... എന്തൊക്കെ എവിടെയൊക്കെ നടക്കണമെന്ന് ഈ മാധ്യമ ഭീമന്മാരല്ലേ അനിയാ തീരുമാനിക്കുന്നത്.”

“ഹോ, നാട്ടിലായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുകയാ ചേട്ടാ. കുറച്ച് ചിക്കനും കുപ്പിയും വാങ്ങി വീട്ടിലിരുന്ന് ഒന്ന് അര്‍മ്മാദിക്കാമായിരുന്നു. നാട്ടില്‍ ഇതൊരു ആഘോഷമല്ലേ?”

“അതേ അനിയാ, ഒരു പഞ്ചായത്ത് ഇലക്ഷനു കെട്ടി വെച്ച കാശ് തിരികെ കിട്ടാത്ത പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചാല്‍ പോലും പ്രബുദ്ധ സാക്ഷര കേരളം പേടിച്ചു തുള്ളി വീട്ടിലിരിക്കില്ലേ?”

“അപ്പോ ശരി ചേട്ടാ, ഇനിയെന്നെങ്കിലും ഗുജറാത്തും കേരളം പോലെയാകുമെന്ന് വിചാരിക്കാം...... എന്നാ പോട്ടെ...”

“അങ്ങനെയാകട്ടെ, പിന്നെക്കാണാം”